കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ സംസ്ഥാന നികുതി വിഹിതം കുറയുന്നത് സ്വാഭാവിക പരിണാമം; ബാലഗോപാലിന്റെ അവകാശവാദം ബാലിശവും അപഹാസ്യവുമെന്ന് ജോസഫ് എം. പുതുശ്ശേരി

തിരുവനന്തപുരം : കേരളത്തിൽ പെട്രോളിന് വില കുറച്ചെന്ന ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ അവകാശവാദം ബാലിശവും അപഹാസ്യവുമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചെന്നാണ് മന്ത്രിയുടെ അവകാശവാദം. കേന്ദ്രം കുറച്ച എക്സൈസ് നികുതിക്ക് ആനുപാതികമായി സംസ്ഥാന നികുതി വിഹിതം കുറയുന്നത് സ്വാഭാവിക പരിണാമമാണ്. അത് ആരുടെയെങ്കിലും തീരുമാനത്തിന്റെയോ ഔദാര്യത്തിന്റെയോ പേരിൽ ഉണ്ടാകുന്നതല്ല. എന്നിട്ടും തങ്ങൾ കുറച്ചു എന്നുപറയുന്ന അല്പത്വം ധനമന്ത്രിയെ പോലെ സമുന്നതനായ ഒരാൾ പ്രകടിപ്പിക്കുന്നത് ആ പദവിക്ക് തന്നെ അപമാനമാണ്.

2014-ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഡീസലിനും പെട്രോളിനും യഥാക്രമം 3.56 രൂപയും 9.48 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. 12 തവണ കേന്ദ്രം നികുതി കൂട്ടി യഥാക്രമം 31.80, 32.90 രൂപയായി അതു കുത്തനെ വർദ്ധിച്ചു. അതിൽ നിന്നാണ് ഇപ്പോൾ രണ്ട് തവണയായി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറച്ചത്. അപ്പോഴും 18 രൂപയുടെ വർദ്ധനവ് നിലനിൽക്കുന്നു. ഇതിന്റെ സംസ്ഥാന വിഹിതം ഇടതുസർക്കാർ യാതൊരു സങ്കോചവുമില്ലാതെ കൈപ്പറ്റി കൊണ്ടുമിരിക്കുന്നു. ഇന്ധന വില കുറയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന ഇടതുമുന്നണി വർദ്ധനവിലൂടെ ലഭിക്കുന്ന അധിക വിഹിതം വേണ്ടെന്നു വയ്ക്കാതെ ഇരട്ടത്താപ്പാണ് പ്രകടിപ്പിക്കുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കേന്ദ്രം നികുതി വർധിപ്പിച്ചപ്പോൾ 5 തവണയാണ് അധികനികുതിയുടെ സംസ്ഥാന വിഹിതം വേണ്ടെന്നുവെച്ചത്. ഇതുവഴി 618 കോടി രൂപയുടെ സഹായമാണ് ജനങ്ങൾക്ക് ലഭിച്ചത്. കേന്ദ്രം കൂട്ടിയതിൽ ഇപ്പോഴും അവശേഷിക്കുന്ന അധികനികുതിയുടെ സംസ്ഥാന വിഹിതം വേണ്ടെന്നുവയ്ക്കാനുള്ള ആർജ്ജവമാണ് ബാലഗോപാൽ പ്രകടിപ്പിക്കേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here