ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് വീണ്ടും മതേതര മുന്നണിയ്ക്കായുള്ള പണിപ്പുരയില്‍ എന്ന് സൂചന. ബിജെപിയുമായി ബീഹാറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് നിതീഷിന്റെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ക്കാനാണ് നിതീഷിന്റെ നീക്കം.
കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്താണ് മതേതര മുന്നണി വിട്ട് എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നത്. ഇപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞു വീണ്ടും രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരുമ്പോള്‍ മറ്റൊരു രാഷ്ട്രീയ അഭ്യാസത്തിനാണ് നിതീഷ് കുമാര്‍ ശ്രമിക്കുന്നത്.
ഈയിടെ നടന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ തേജസ്വി യാദവിന്റെ ക്ഷണം സ്വീകരിച്ച നിതീഷ് കുമാര്‍ സ്വന്തം ഭവനത്തില്‍ നിന്നും നടന്നു പോയാണ് ഇഫ്താറില്‍ പങ്കു കൊണ്ടത്. ഇത് നിതീഷിന്റെ നീക്കങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ പരത്തി. നിതീഷ് ആര്‍ജെഡിയുമായി വീണ്ടും അടുക്കുന്നു എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ തന്നെ കണക്കുകൂട്ടാന്‍ ഈ ഇഫ്താര്‍ ഇടവരുത്തി. ജെഡിയു-ആര്‍ജെഡി സഖ്യം വന്നാല്‍ ഒരു സംയുക്ത മന്ത്രിസഭ തന്നെ ബീഹാറില്‍ നിലവില്‍ വന്നേക്കും. രാഷ്ട്രീയ നിരീക്ഷകരും ഇത് തന്നെ വിരല്‍ ചൂണ്ടുന്നു.
‘വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും കോണ്‍ഗ്രസും കൂടി ചേരുന്ന വിശാല മുന്നണിയ്ക്ക് ശക്തി പകരുന്ന ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസമാണ് ബീഹാറില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നത്-എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു.
സഖ്യകക്ഷിയായ ബിജെപിയ്ക്ക് ആണ് കൂടുതല്‍ എംഎല്‍എമാര്‍ ഉള്ളത്. അതിനാല്‍ തന്നെ നിതീഷിനെ മാറ്റി ബിജെപി മുഖ്യമന്ത്രിയെ കൊണ്ടുവരാന്‍ ബിജെപിയ്ക്കുള്ളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദവും ഉയര്‍ന്നു വന്നിരുന്നു. ഇത് മനസിലാക്കിക്കൊണ്ടാണ് ആര്‍ജെഡിയുമായി കൂട്ടുകൂടാനുള്ള നിതീഷിന്റെ നീക്കം. മുഖ്യമന്ത്രി നിതീഷ് ആണെങ്കിലും ഭരണത്തിന്റെ കടിഞ്ഞാണ്‍ ബിജെപി കൈവശം വയ്ക്കുകയാണ്. ഇതും നിതീഷിനു അസ്വസ്ഥതയാവുകയാണ്.
നിതീഷ് കുമാറിന് പകരം പാർട്ടിയിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കാൻ ബിജെപി കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാൾ വ്യക്തമാക്കിയിരുന്നു. ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരുമെന്നും അദ്ദേഹത്തെ മാറ്റാൻ ബിജെപിക്ക് പദ്ധതിയില്ലെന്നും സുശീൽ കുമാർ മോദിയും ആവര്‍ത്തിച്ചിരുന്നു. ആര്‍ജെഡിയുമായി ചേര്‍ന്ന് വീണ്ടും മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിലാണ് നിതീഷ് കുമാര്‍ എന്നാണ് സൂചന.