Friday, June 9, 2023
- Advertisement -spot_img

വിവാദമായ വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

കൊല്ലം: വിവാദമായ വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണു വിധി പറഞ്ഞത് ശിക്ഷ നാളെ പ്രഖ്യാപിക്കും. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് വിധി.

വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം വിധി പറയുന്നത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും 118 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവന്‍പിള്ള, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറി.

കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

2020 മേയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് 9-ാം ദിവസം വിസ്മയ, അച്ഛന്‍ ത്രിവിക്രമനോട് ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതും കിരണ്‍ അറസ്റ്റിലായതും. കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article