പൊളിച്ച് മാറ്റിയ മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡിനു നാല് വര്‍ഷമായിട്ടും ശാപമോക്ഷമായില്ല; കത്തുന്ന പ്രതിഷേധവുമായി നാഷണല്‍ ജനതാദൾ; ജനദുരിതത്തിനു പരിഹാരം വേണമെന്ന് ജോണ്‍ ജോണ്‍

പാലക്കാട്: മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണം ഉടനടി നടത്തണം എന്നാവശ്യപ്പെട്ട് നാഷണല്‍ ജനതാദൾ നടത്തുന്ന അനിശ്ചിതകാല സത്യാഗഹ സമരം ഏഴു ദിനം പിന്നിട്ടു. 2019-ല്‍ പഴയതായി എന്ന് പറഞ്ഞു പൊളിച്ച് മാറ്റിയ ശേഷം ഇതുവരെ മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല. ബസ് കാത്ത് മഴയത്തും വെയിലത്തും നിന്ന് ജനം പൊറുതിമുട്ടിയപ്പോഴാണ്‌ പ്രതിഷേധം ഏറ്റെടുത്ത് അനിശ്ചിതകാല സത്യാഗ്രഹ സമരവുമായി ജനതാദള്‍ രംഗത്ത് വന്നത്.

വാഴകൃഷി ചെയ്ത് പ്രതിഷേധിച്ചാണ് ഏഴാം ദിന സമരം ഇന്നു പിന്നിട്ടത്. പ്രതിഷേധം നാഷണൽ ജനതാദൾ മലമ്പുഴ മണ്ഡലം സെക്രട്ടറി ചെല്ലയ്യൻ ഉദ്ഘാടനം ചെയ്തു. പാലക്കാട്‌ മുന്‍സിപ്പാലിറ്റിയ്ക്ക് മുന്‍പില്‍ നോക്ക്കുത്തി സ്ഥാപിച്ച പ്രതിഷേധം ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

മുന്‍സിപ്പാലിറ്റി ഭരിക്കുന്നത് ബിജെപി, പ്രതിപക്ഷത്ത് കോണ്‍ഗ്രസ്. രണ്ടു പാര്‍ട്ടികളും അനങ്ങാപ്പാറ നയമാണ്. ബിജെപി-കോണ്‍ഗ്രസ് രഹസ്യധാരണ നിലനില്‍ക്കുന്നത് കൊണ്ടാണ് ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസും രംഗത്ത് വരാത്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതാണ് പ്രശ്നം ഞങ്ങള്‍ ഏറ്റെടുക്കാന്‍ കാരണം- നാഷണല്‍ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ അനന്ത ന്യൂസിനോട് പറഞ്ഞു.

പാലക്കാട്ടെ ജനങ്ങളുടെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ അനിശ്ചിതകാല സത്യാഗഹ സമരം ഇപ്പോള്‍ ജനശ്രദ്ധയും പിന്തുണയും പിടിച്ച് പറ്റുകയാണ്. മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡ് പ്രശ്നം പുകഞ്ഞതോടെ ഈ കാര്യത്തില്‍ ഒരു തീരുമാനം വേണമെന്നാണ് ഇപ്പോള്‍ ജനങ്ങളുടെയും അഭിപ്രായം. അതുകൊണ്ട് തന്ന സമരവുമായി നാഷണല്‍ ജനതാദൾ മുന്നോട്ടു പോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here