തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സമ്പദ്വ്യവസ്ഥയ്ക്കോ ജനങ്ങള്‍ക്കോ കരകയറാന്‍ കഴിയാതെ അവസ്ഥ നിലനില്‍ക്കുമ്പോള്‍ ജിഎസ്ടി പിന്നേയും കൂട്ടി ജനങ്ങളെ പിഴിയുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെന്നു ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ താമരാക്ഷന്‍.
ജിഎസ്ടിയുടെ പേരിലുള്ള പകല്‍ക്കൊള്ളയാണ് നടക്കുന്നത്. ജിഎസ്ടി പണത്തില്‍ ഒരു വിഹിതമെങ്കിലും നേരിട്ട് ജനങ്ങളുടെ കയ്യിലെത്തണം. കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ജനങ്ങളില്‍ മിക്കവര്‍ക്കും തൊഴിലില്ല. സാധാരണക്കാരുടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. ഇത് പരിഹരിക്കാന്‍ ഒരു പെന്‍ഷനും വരുമാനവുമില്ലാത്ത അറുപത് വയസ് കഴിഞ്ഞ ആളുകള്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍ അനുവദിക്കുകയും മിനിമം പെന്‍ഷന്‍ അയ്യായിരം രൂപയെങ്കിലും ആയി മാറ്റുകയും ചെയ്യണമെന്നു താമരാക്ഷന്‍ ആവശ്യപ്പെട്ടു.
ഡീസല്‍ പെട്രോള്‍ വിലകളും പാചക ഗ്യാസിന്റെ വിലയും അനുദിനം കൂടുകയാണ്. ഇതിലെ വലിയ പങ്ക് സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലാണ് വരുന്നത്. ഈ വഴിയുള്ള വരുമാനത്തിന്റെ നല്ലൊരു പങ്ക് പോകുന്നത് കിഫ്ബിയിലാണ്. കിഫ്ബിയില്‍ നടക്കുന്നത് ധൂര്‍ത്തും. ഈ അവസ്ഥ മാറി നികുതിപ്പണം ജനങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ചിലവഴിക്കണം. 143 നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടിയാണ് ഇപ്പോള്‍ കുത്തനെ കൂട്ടാന്‍ പോവുന്നത്. ജിഎസ്ടി കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ജിഎസ്ടി വരുമാനത്തില്‍ ഒരു രൂപ പോലും ജനങ്ങളിലേക്ക് എത്തുന്നില്ല.
മദ്യവും മയക്കുമരുന്നും കേരളത്തില്‍ വ്യാപകമാണ്. മദ്യഷാപ്പുകള്‍ മുക്കിനു മുക്കിനു തുറന്നു കേരളം മദ്യത്തില്‍ മുക്കുകയാണ് ചെയ്യുന്നത്. സാധാരണക്കാരന് ലഭിക്കുന്ന പണം മദ്യം യഥേഷ്ടം നല്‍കി സര്‍ക്കാര്‍ ഖജനാവിലേക്ക് തന്നെ മുതല്‍ കൂട്ടുകയാണ്. വീടുകളില്‍ ആണെങ്കില്‍ കുടുംബ കലഹവും പട്ടിണിയും പിടി മുറുക്കുന്നു. മദ്യപിച്ച് ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്മാര്‍ കൂടുകയാണ്. സര്‍ക്കാരിന്റെ മദ്യനയം കാരണം കുടുംബങ്ങള്‍ തന്നെ തകരുകയാണ്. മദ്യപിച്ച് വന്നു ഭാര്യയെ മര്‍ദ്ദിക്കുന്ന അച്ഛനെ കണ്ടിട്ട് കുട്ടികളുടെ മാനസിക നില തന്നെ തകരുകയാണ്. ഇതൊന്നും ശ്രദ്ധിക്കാതെ വരുമാനത്തില്‍ മാത്രം കണ്ണ് വെച്ചാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
സാമ്പത്തിക പ്രതിസന്ധിയില്‍ ജോലി പോലും ഇല്ലാതെ കേരളത്തിലെ ജനങ്ങള്‍ നട്ടം തിരിയുകയാണ്. കേരള സംസ്ഥാനം കണ്ടിട്ടില്ലാത്ത വിധം കുടുംബങ്ങള്‍ ദാരിദ്ര്യം സഹിക്കാന്‍ കഴിയാതെ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണ്. എന്നിട്ടും ജിഎസ്ടി വഴിയുള്ള പിഴിച്ചിലാണ് തുടരുന്നത്-താമരാക്ഷന്‍ പറയുന്നു.