പുതിയ കാലത്തിന്‍റെ ചോദ്യങ്ങളും ഉത്തരങ്ങളുമായി യുവതയ്ക്ക് ആവേശം പകര്‍ന്ന് ‘സാപ്പിയന്‍സ്’

KERALEEYAM
നോളജ് മിഷനും സാമൂഹിക നീതിവകുപ്പും ചേര്‍ന്ന് യൂണിവേഴ്സിറ്റി കോളജില്‍ ഒരുക്കിയ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥയുടെ പ്രവര്‍ത്തന മാതൃക സാപ്പിയന്‍സില്‍നിന്ന്

 

തിരുവനന്തപുരം: അറിയുന്നവര്‍ ആരാണ്? നമുക്കറിയാവുന്നതെല്ലാം നാം എങ്ങനെയാണ് അറിയുന്നത്? വിദ്യാഭ്യാസം ജീവിതത്തിനു ഉപാധിയോ അതോ ജീവിതം തന്നെയോ? ഭാവി ഇതാ വാതില്‍ക്കല്‍, ഇനി എങ്ങോട്ട്? ഇങ്ങനെ ചോദ്യങ്ങള്‍ ഒന്നൊന്നായി കടന്നുവേണം കേരളീയത്തിലെ സാപ്പിയന്‍സ് 2023 പ്രദര്‍ശനത്തിലെത്താന്‍.
നോളജ് മിഷനും സാമൂഹിക നീതിവകുപ്പും ചേര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ ഒരുക്കിയ കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥയുടെ പ്രവര്‍ത്തന മാതൃക പ്രദര്‍ശനം ഇതിനോടകം യുവതലമുറ ഏറ്റെടുത്തു കഴിഞ്ഞു. ചിന്തിപ്പിച്ചും ഉല്ലസിപ്പിച്ചും വിജ്ഞാനം പകര്‍ന്നും യുവതയെ എന്‍ഗേജ് ചെയ്യിക്കുകയാണ് ‘സാപ്പിയന്‍സ്’. പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കുന്ന മൈക്രോ ആക്ടിവിറ്റികളില്‍ ഒന്നാം ദിവസം മുതല്‍ തന്നെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഏഴു ദിവസങ്ങളിലായി 150 ആക്ടിവിറ്റികളാണ് ഒരുക്കിയിട്ടുള്ളത്.

കോളജ് അങ്കണത്തില്‍ 700 മീറ്റര്‍ പടര്‍ന്നു കിടക്കുന്ന പ്രദര്‍ശനത്തിന്റെ പ്രധാന കവാടം കഴിഞ്ഞു നേരെ ചെല്ലുന്നത് മാനസഞ്ചാരരെ അഥവാ മൈന്‍ഡ്‌സ്‌കേപ്പ് എന്ന ഇടനാഴിയിലാണ്. ഇതാണ് പ്രധാന ജ്ഞാനോത്പാദന മേഖല. വിവിധ സര്‍വകലാശാലകളും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും സാമൂഹ്യനീതി ഡയറക്ടറേറ്റും അസാപ്പും കെ-ഡിസ്‌കും എല്‍.ബി.എസും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയും എന്‍.എസ്.എസും സി-ആപ്റ്റും കെയ്‌സും (കെ.എ.എസ്.ഇ) കേരള ചരിത്ര ഗവേഷണ കൗണ്‍സിലും അടക്കമുള്ളവരുടെ വിവിധ തീമുകളിലായുള്ള സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട് ഇവിടെ. നിഷിന്റെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) സെന്‍സറി ഗാര്‍ഡനും സാമൂഹ്യനീതി വകുപ്പിന്റെ മൊബൈല്‍ ക്ലിനിക്കും ഉള്‍പ്പെടെ 38 സ്റ്റാളുകളാണുള്ളത്. ഭിന്നശേഷി ജനതയുടെയും മുതിര്‍ന്ന പൗരന്മാരുടെയും വിഭവശേഷി കേരള വികസനത്തിന് മുതല്‍ക്കൂട്ടാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെയും ഇവിടെ ഷോകേസ് ചെയ്തിട്ടുണ്ട്. അസിസ്റ്റീവ് ടെക്നോളജിയില്‍ കേന്ദ്രീകരിച്ചുള്ളതാണ് സാമൂഹ്യനീതി വകുപ്പിന്റെ മൂന്നു സ്റ്റാളുകള്‍.

എല്‍.ബി.എസിന്റെ റോബോട്ടിക്‌സ് സ്‌പേസ്, എല്‍.ബി.എസിന്റെ കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ആര്‍ക്കിയോളജി പ്രദര്‍ശനം, കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആക്റ്റിംഗ് വര്‍ക്ക്-ഷോപ്പ് എന്നിവ കാണാനും വലിയ തിരക്കാണ്. ഭിന്നശേഷിക്കാരായവര്‍ക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത സ്നേഹയാനം ഓട്ടോ, അനുയാത്ര പദ്ധതിക്ക് കീഴിലെ ഭിന്നശേഷിത്വം മുന്‍കൂട്ടി കണ്ടെത്താനുള്ള മൊബൈല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്, ഇതേ ആവശ്യത്തിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) ഗ്രാമീണതലങ്ങളില്‍ നേരിട്ടെത്തി സേവനം നല്‍കി വരുന്ന റിഹാബ് എക്‌സ്പ്രസ്സ് എന്നിവയുടെ തത്സമയ അവതരണവും ഉണ്ട്. വയോമിത്രം മൊബൈല്‍ ക്ലിനിക്കിന്റെ ലൈവ് ക്യാമ്പും യു.ഡി.ഐ.ഡി. രജിസ്‌ട്രേഷനുള്ള ലൈവ് ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്.

ഫോട്ടോക്യാപ്ഷന്‍: നോളജ് മിഷനും സാമൂഹിക നീതിവകുപ്പും ചേര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ ഒരുക്കിയ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥയുടെ പ്രവര്‍ത്തന മാതൃക സാപ്പിയന്‍സില്‍നിന്ന്

 

LEAVE A REPLY

Please enter your comment!
Please enter your name here