അന്വേഷണം ഊര്‍ജ്ജിതമാകുന്നു ; കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു പ്രതികൂടി പിടിയില്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു പ്രതികൂടി പിടിയിലായി. മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലിയാണ് പിടിയിലായത്. പണം തട്ടിയെടുത്ത ക്രിമിനല്‍ സംഘത്തിനൊപ്പം അലി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ കുഴല്‍പ്പണക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ബി.ജെ.പി ആലപ്പുഴ മേഖലാ സെക്രട്ടറി എൽ.പത്മകുമാറിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഈ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേസിലെ പ്രതി ദീപ്തിയുടെ പക്കല്‍ നിന്ന് 9 പവന്‍ സ്വര്‍ണം കണ്ടെത്തി. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്തി. പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപ കണ്ടെത്തി.

കോഴിക്കോട്ട് നിന്ന് ധർമരാജൻ ആലപ്പുഴയിലേയ്ക്ക് കൊണ്ടുവന്ന മൂന്നരക്കോടി രൂപ ബി.ജെ.പി ഭാരവാഹികൾക്ക് കൈമാറാൻ ആണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതു തെളിയിക്കാനാണ് ബി.ജെ.പി ആലപ്പുഴ മേഖലാ സെക്രട്ടറി എൽ.പത്മകുമാറിനെ ചോദ്യം ചെയ്തത്. ഇനി ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളവരിൽ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനുമുണ്ട്. ധർമരാജിനെ അന്നേ ദിവസം ഫോണിൽ ബന്ധപ്പെട്ട എല്ലാ ബി.ജെ.പി നേതാക്കളേയും പൊലീസ് വിളിപ്പിക്കും.

പക്ഷേ, എല്ലാ നേതാക്കളും പൊലീസിനോട് പറയുന്നത് ഒരേയൊരു മൊഴിയാണ്. ബി.ജെ.പിയുടെ ലഘുലേഖകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ കൊണ്ടു വന്നിരുന്നത് ധർമരാജനായിരുന്നു. ഇതേപ്പറ്റി ചോദിക്കാൻ ഫോണിൽ വിളിച്ചു. ഒരേ മൊഴികളിലെ അസ്വാഭാവികത പൊലീസിന് ബോധ്യപ്പെട്ടു. കള്ളപ്പണ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പരിമിതികൾ ഉണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കുറ്റപത്രം സമർപ്പിക്കുമ്പോൾ ബി.ജെ.പി നേതാക്കളുടെ മൊഴി കേസിന് ബലം പകരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതേസമയം, നഷ്ടപ്പെട്ട മൂന്നരക്കോടിയിൽ രണ്ടര കോടി രൂപ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

പ്രതികൾ പണം കൈമാറിയ കണ്ണൂർ , കാസർകോട് സ്വദേശികളെ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി. പ്രതികൾ കടം വാങ്ങിയ തുക തിരിച്ചു നൽകിയതാണെന്ന് അവർ പൊലീസിനോട് പറഞ്ഞു. കളവ് മുതൽ ആയതിനാൽ തുക തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. ഇരുപത് ലക്ഷം രൂപയുടെ ഇടപാടുകൾ കണ്ണൂർ , കാസർകോട് സ്വദേശികളുമായി നടത്തിയതായും പൊലീസ് കണ്ടെത്തി . കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര ദേശീയപാതയിലാണ് മൂന്നരക്കോടി തട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here