കോഴിക്കോട്: കുറ്റ്യാടിയില്‍ പാര്‍ട്ടിയെ ജനം തിരുത്തി. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി തന്നെ കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാർഥിയാകും. പ്രവർത്തകരുടെ വികാരം ഒടുവില്‍ പാർട്ടി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം ഉണ്ടാകും.കെ.പി കുഞ്ഞമ്മദ് കുട്ടിയെ മൽസരിപ്പിക്കണമെന്ന പ്രാദേശിക വികാരവും ഒപ്പം തൊട്ടടുത്ത മണ്ഡലങ്ങളിലെ ഘടകകക്ഷികളുടെ വിജയ സാധ്യതയും കൂടി കണക്കിലെടുത്താണ് തീരുമാനം. ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ഒടുവിൽ കുഞ്ഞമ്മദ് കുട്ടിയ്ക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.
തൊട്ടുപിറകെ സ്ഥാനാര്‍ഥിയുടെ പ്രതികരണവും വന്നു. പാർട്ടി സ്ഥാനാർഥി മൽസരിക്കുന്നതിൽ പ്രവർത്തകർ അത്യാഹ്ലാദത്തിലാണെന്നായിരുന്നു കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ പ്രതികരണം. കേരള കോൺഗ്രസ് (എം) സീറ്റ് വിട്ടുനൽകിയ സാഹചര്യത്തിൽ വിജയിക്കുന്ന സ്ഥാനാർഥി മൽസരിക്കണമെന്ന പൊതുവികാരമാണ് ജില്ലാ സെക്രട്ടേറിയേറ്റിൽ ഉയർന്നത്.
കുറ്റ്യാടി മണ്ഡത്തിന്റെ സമീപ മണ്ഡലത്തിൽ മൽസരിക്കുന്നവരുടെ ജയസാധ്യത കൂടി കണക്കിലെടുക്കണമെന്ന ഘടക കക്ഷികളുടെ ആവശ്യവും പരിഗണിച്ചു. നിലവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ അദ്ദേഹം കർഷക സംഘം ജില്ലാ പ്രസിഡന്റാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ,മുൻ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.