ആലസ്യത്തിലായിരുന്ന കോണ്‍ഗ്രസ് ഉണരുന്നു; സജ്ജമായി സിപിഎമ്മും; കേരള രാഷ്ട്രീയം പുകഞ്ഞു തുടങ്ങുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയം ചലനാത്മകമാകുന്നു. മുല്ലപ്പള്ളിയുടെ കാലത്ത് ആലസ്യത്തിലായിരുന്ന കോണ്‍ഗ്രസിനെയാണ് സ്വതസിദ്ധമായ തന്റെ രാഷ്ട്രീയ ശൈലിയിലൂടെ സുധാകരന്‍ ചലനാത്മകമാക്കിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധത്തെ പോലും തെറ്റിക്കുന്ന ശൈലിയില്‍ കടന്നാക്രമണമാണ് സുധാകരന്‍ നടത്തുന്നത്. സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ച ഹൈക്കമാന്‍ഡ് തീരുമാനം തെറ്റിയിട്ടില്ലെന്ന വിധത്തിലാണ് സുധാകരന്റെ നീക്കങ്ങളും പ്രതികരണങ്ങളും.

ബ്രണ്ണന്‍ കോളേജ് കാലത്ത് പിണറായിയെ അടിച്ച് ചവിട്ടിക്കൂട്ടിയെന്ന സുധാകരന്റെ ആരോപണത്തോട് പ്രതികരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയ്ക്കും കഴിഞ്ഞില്ല. തന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തല്‍ വഴി ആരോപണങ്ങളുടെ കൂട് മുഖ്യമന്ത്രിയും തുറന്നു വിട്ടു. കണ്ണൂര്‍ നേതാക്കള്‍ സര്‍ക്കാരിനെയും പ്രതിപക്ഷ പാര്‍ട്ടിയെയും നയിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് ഇനി ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. പുതിയ പോര്‍മുഖമാണ് കെപിസിസി അധ്യക്ഷനെന്ന നിലയില്‍ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും കൂടി തുറന്നത്.

തന്റെ കഴുത്ത് വെട്ടാന്‍ പിണറായി വിജയന്‍ ശ്രമിച്ചുവെന്നും താന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നും കണ്ണൂരിലെ ഡിസിസി സെക്രട്ടറി കണ്ടോത്തു ഗോപി പറഞ്ഞതോടെ മുഖ്യമന്ത്രിയ്ക്ക് എതിരെ പരാതി നല്‍കാന്‍ ഗോപി തയ്യാറാണോ എന്നൊക്കെ ചോദിച്ച് ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും അണഞ്ഞു കിടന്ന കേരള രാഷ്ട്രീയം വെടിമരുന്നിന് തീപിടിച്ച കണക്കെ കത്തിത്തുടങ്ങുകയാണ്. രണ്ടു കൊലപാതകങ്ങളും ഒരു കൊലപാതക ശ്രമവുമാണ് മുഖ്യമന്ത്രിയുടെ നേര്‍ക്ക് സുധാകരന്‍ ആരോപിച്ചിരിക്കുന്നത്. വാടിക്കല്‍ രാമകൃഷ്ണന്‍ വധവും പിണറായിയുടെ 20 വർഷത്തെ ബോഡി ഗാർഡായിരുന്നു പെണ്ടുട്ടായി ബാബു വധവും. ഇതിനെല്ലാം ഇനി സിപിഎം മറുപടി കൊടുക്കേണ്ടതുണ്ട്. ഉരുളയ്ക്ക് ഉപ്പേരി പോലെ സുധാകരന്‍ മറുപടിയും പറയും. എന്തായാലും കെ.സുധാകരന്റെ വരവോടെ കേരള രാഷ്ട്രീയം പുകയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here