Tuesday, June 6, 2023
- Advertisement -spot_img

വെട്ടിക്കുറച്ചത് ദേവേന്ദ്ര ഫഡ്നാവിസ്, രാജ് താക്കറെ, രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ; പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്

മുംബൈ: പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയാണ് വെട്ടിക്കുറച്ചത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന് നിലനിന്ന Z+ കാറ്റഗറി സുരക്ഷ Y+ ലേക്ക് ചുരുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കില്ല.

ഫഡ്‌നാവിസിന്റെ ഭാര്യയുടെയും മകളുടെയും സുരക്ഷ Y+ ല്‍ നിന്ന് X ലേക്ക് തരംതാഴ്ത്തി. കൂടാതെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കെറെയുടെ സുരക്ഷ Y+ ആക്കി കുറച്ചു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെയും മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെയും സുരക്ഷ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്.

വിഐപികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ ഇടക്കിടെ അവലോകനം ചെയ്യാറുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ‘കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ് ഇത്. 2019ലാണ് അവസാന അവലോകന യോഗം നടന്നത്. കോവിഡ് -19 കാരണം 2020 ല്‍ ഇത്തരത്തിലുള്ള യോഗങ്ങളൊന്നും നടന്നില്ല. ചില വിഐപികള്‍ക്ക് അവര്‍ ചുമതല വഹിക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകതമൂലം ഭീഷണി ഉണ്ടാവാറുണ്ട്. എന്നാല്‍ സ്ഥാനങ്ങള്‍ ഒഴിയുമ്പോള്‍ സ്വഭാവിമായും ഭീഷണിയും മാറുന്നു’ – സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അതിനിടെ, തന്റെ സുരക്ഷ വെട്ടിക്കുറയ്ക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയതോടെയാണിത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article