തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ തിരിമറി നടന്നുവെന്ന ആരോപണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷനേതാവിന്‍റെ പരാതിയിലാണ് നടപടി. അഞ്ച് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണം. കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് പരാതി.
ഒരാള്‍ക്ക് ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയാല്‍ നടപടി വേണം. ഒരേ മണ്ഡലത്തില്‍ തന്നെ ഒരാളുടെ പേര് അഞ്ചുതവണ ചേര്‍ത്തത് കള്ളവോട്ടിന് വേണ്ടിയാണന്ന്, ആരോപിച്ച് ചെന്നിത്തല വോട്ടര്‍പട്ടികയുടെ പകര്‍പ്പും പുറത്തുവിട്ടിരുന്നു.
എന്നാൽ, പ്രതിപക്ഷനേതാവിന്റെ വാദത്തെ തള്ളി അതേ വോട്ടറും രംഗത്തുവന്നിരുന്നു. ഇതോടെയാണ് ആരോപണം കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്ന അവസ്ഥയിലേക്ക് വന്നത്. കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രല്‍ ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു രമേശ് ചെന്നിത്തല രാവിലെ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.