തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ക്ഷാമം തുടരുന്നു. മെഗാ വാക്സീനേഷന്‍ മുടങ്ങുന്ന അവസ്ഥയാണ്. . കേരളത്തിൽ ആവശ്യത്തിന് കോവീഷീല്‍ഡ് വാക്സീനില്ലാത്തതാണ് കാരണം. എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് തീര്‍ന്നു. ക്യാംപുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇന്ന് കൂടുതല്‍ വാക്സീന്‍ എത്തിയാല്‍ നാളെ മുതല്‍ ക്യാംപുകള്‍ തുടങ്ങും.
രണ്ട് ലക്ഷം ഡോസ് കോവാക്സീന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തി. എന്നാൽ, തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ മാസ് വാക്സീനേഷന് ഉപയോഗിക്കില്ല. അതേസമയം, ഇന്ന് അഞ്ചരലക്ഷം ഡോസ് വാക്സീന്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് തീവ്ര വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും. വെളളി, ശനി ദിവസങ്ങളിലായി കൂട്ട കോവിഡ് പരിശോധനയ്ക്കും തീരുമാനമായിരുന്നു.