മുംബൈ: ലതാ മങ്കേഷ്ക്കറിന്റെ വിയോഗത്തോടെ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഇന്ത്യന്‍ സംഗീതത്തിനു മുന്നിലുള്ളത്. ഒരു അനിവാര്യതയായിരുന്നു ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന് ലതാ മങ്കേഷ്കര്‍. ഒരുതരത്തിലും ആര്‍ക്കും വേണ്ടെന്നുവയ്ക്കാന്‍ പറ്റാത്തത്ര പ്രതിഭ. ഇന്ത്യന്‍ സിനിമാ സംഗീതത്തില്‍ മുഹമ്മദ് റഫി ആയാലും കിഷോര്‍ കുമാറായാലും മന്നാഡെ ആയാലും മുകേഷ് ആയാലും പകരം അപ്പുറത്ത് ഒരേയൊരു ലത മങ്കേഷ്കറേ ഉണ്ടായിരുന്നുള്ളു. അയല്‍ രാജ്യത്തെ ഒരു സുഹൃത്ത് അമിതാഭ് ബച്ചനോട് പറഞ്ഞത് നിങ്ങള്‍ക്കുള്ള രണ്ടെണ്ണമൊഴിച്ച് എല്ലാം ഞങ്ങളുടെ രാജ്യത്തുണ്ടെന്നായിരുന്നു… താജ് മഹലും ലതാ മങ്കേഷ്കറും. ലോകത്തിലെ ഏതെങ്കിലും റേഡിയോ നിലയത്തില്‍നിന്ന് ഒഴുകി വരുന്ന ഒരു ലതാ മങ്കേഷ്കര്‍ ഗാനം ഏതു സമയത്തും ഈ അന്തരീക്ഷത്തെ മുഖരിതമാക്കുന്നുണ്ടെന്ന് കണ്ടെത്തിയ സര്‍വേകളുണ്ടായിരുന്നു. അരലക്ഷത്തിലധികം പാട്ടുകള്‍ പാടി റെക്കോര്‍ഡ്. ലണ്ടനിലെ ആല്‍ബർട് ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ഇതുവരെ റിക്കാർഡ് ചെയ്തതില്‍ ഏറ്റവും പൂര്‍ണതയുള്ള ശബ്ദമായി രേഖപ്പെടുത്തിയിരിക്കുന്നത് ലതയുടേതാണ്.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 1990ല്‍ കിട്ടുമ്പോള്‍ ലത ഷഷ്ടിപൂര്‍ത്തി പിന്നിട്ടിരുന്നു. റിക്കോര്‍ഡിങ്ങിനെത്തുന്ന ലതയ്ക്കു ചില വിശ്വാസങ്ങളുണ്ട്. പാട്ടു പാടുന്നതിന് മുൻപ് ഒരു പേപ്പറെടുത്ത് സ്വന്തം കൈപ്പടയില്‍ ശ്രീ എന്ന് പേപ്പറിന് മുകളില്‍ എഴുതിയ ശേഷം പാട്ടിന്‍റെ വരികള്‍ സ്വന്തം കൈപ്പടയില്‍ കുറിച്ച് വയ്ക്കും. അതു നോക്കിയേ പാടുകയുള്ളു. പിതാവില്‍ നിന്നാണ് സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ ലത ഹൃദിസ്ഥമാക്കുന്നത്.
പിന്നീട് ശാസ്ത്രീയസംഗീതത്തില്‍ ഗുരുവായത് ഉസ്താദ് അമാനത്ത് ഖാന്‍. വിഭജനത്തെ തുടര്‍ന്ന് ഉസ്താദ് രാജ്യം വിട്ടപ്പോള്‍ പകരം എത്തിയത് അമാനത് ഖാന്‍ ദേവാസ്യാലെ ആയിരുന്നു. ലതയിലെ ഗായിക ഇരുത്തം വരുന്നത് ഈ ഗുരുവിന്‍റെ സാന്നിധ്യത്തിലാണ്. ആദ്യ പിന്നണി ഗാനം മറാഠി ചിത്രമായ കിടി ഹസാല്‍… ചിത്രം പുറത്തെത്തിയപ്പോള്‍ പക്ഷേ പാട്ടില്ല. അതേവര്‍ഷം മറ്റൊരു മറാത്തി ചിത്രത്തില്‍ പാടി അഭിനയിച്ചു. പാഹിലി മംഗാലാ ഗൗര്‍…. ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും പാടിയത് ലതയായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ കരയിപ്പിക്കുകയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ആരാധകനാക്കുകയും ചെയ്തു ഈ ഗായിക. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തില്‍ രാജ്യം പരാജയപ്പെട്ടപ്പോള്‍ ലത പാടിയ ഗാനം കേട്ട് നെഹ്റു കണ്ണീരണിഞ്ഞു. കശ്മീരിന് പകരം ലതാ മങ്കേഷ്കറെ മതിയെന്നായിരുന്നു അന്ന് പാക്ക് പ്രധാനമന്ത്രിയുടെ പ്രശംസ. ലത മങ്കേഷ്കര്‍ ഒരു യുഗമാണ്. ലതയെന്ന നേര്‍ത്തപേരില്‍ ലോകത്തെയാകെ വശീകരിച്ച ശബ്ദമാധുര്യത്തിന്‍റെ യുഗം. ആ യുഗമാണ് മാഞ്ഞുപോകുന്നത്.