മൃഗസംരക്ഷണ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് തനത് ജനുസ്സുകൾ അനിവാര്യമെന്നു മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: ഉൽപ്പാദനക്ഷമതയുള്ള കന്നുകാലി-ഇറച്ചിക്കോഴി ജനുസുകള്‍ക്കായുള്ള ഗവേഷണങ്ങൾക്ക് വെറ്റിനറി സർവ്വകലാശാല മുന്നിട്ടിറങ്ങണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ആവശ്യപ്പെട്ടു. പൂക്കോട് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകലാശാലയിലെ ഗവേഷണ വിഭാഗം മുന്നിട്ടിറങ്ങണമെന്നു മന്ത്രി ആവശ്യപ്പെട്ടത്.

അതോടൊപ്പം തന്നെ വളരെ പെട്ടെന്ന് മൃഗങ്ങളില്‍ രോഗനിർണയം നടത്താൻ കിറ്റുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഗോത്ര വർഗ്ഗ യുവാക്കളുടെ ശാക്തീകരണവും, സാമ്പത്തിക സ്വയംപര്യാപ്തതയും, മൃഗസംരക്ഷണ മേഖലയിലെ തൊഴിൽ നൈപുണ്യവും ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ചിട്ടുള്ള സർവകലാശാലാ ആസ്ഥാനത്തെ ഗോത്രാ മിഷൻ പദ്ധതിയും മന്ത്രി സന്ദർശിച്ചു.

വയനാട് ജില്ലയിൽ നടത്തിയ ഏകദിന സന്ദർശനത്തിന്റെ ഭാഗമായാണ് സർവകലാശാല പ്രോ ചാൻസലർ കൂടിയായ മന്ത്രി പൂക്കോട് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല ആസ്ഥാനം സന്ദർശിച്ചത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ധന സഹായത്തോടെ നടപ്പാക്കുന്ന ട്രൈബൽ ഉപ പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിലെ യുവ സ്വാശ്രയ സംഘങ്ങൾ ക്കായി പോത്തു വളർത്തൽ സംരംഭം ആരംഭിക്കുന്നതിനായി പോത്ത് കുട്ടികളുടെ വിതരണം ഉദ്ഘാടനം ചെയ്തു.

സർവകലാശാലയുടെ സമഗ്ര വികസനത്തിനായുള്ള മാർഗരേഖ സംബന്ധിച്ച് സർവകലാശാല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആയി മന്ത്രി ചർച്ച നടത്തി. കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം. വി., കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാകുമാരി, സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ എം ആർ ശശീന്ദ്രനാഥ്, രജിസ്ട്രാർ ഡോക്ടർ പി. സുധീർബാബു, സംരംഭകത്വ വിഭാഗം മേധാവി ഡോക്ടർ എം കെ നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here