പമ്പ, മണിമലയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു; അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി

ആലപ്പുഴ: മഴ ശക്തമായതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി. പമ്പ, മണിമല ആറുകളില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മൂന്നുദിവസം പെയ്ത കനത്ത മഴയില്‍ പമ്പ, മണിമലയാറുകളിലെ ജലനിരപ്പുയര്‍ന്നു. കഴിഞ്ഞ മഹാ പ്രളയത്തില്‍ പമ്പയുടേയും, മണിമലയാറിന്‍റേയും കൈവഴികളും, തോടുകളും മാലിന്യം നിറഞ്ഞ് ആഴം കുറഞ്ഞതാണ് പ്രതിസന്ധി ശക്തമാക്കുന്നത്. പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. വ്യാപക കൃഷി നഷ്ടത്തിന്റെ സാഹചര്യമാണ് പ്രളയഭീഷണിയോടെ ഉയര്‍ന്നിരിക്കുന്നത്.

നിരണം, തലവ‌‌ടി, എ‌ടത്വ, തകഴി, വീയപുരം, കരുവാറ്റ, ആയപ്പറമ്പ് പഞ്ചായത്ത് പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും വെള്ളംകയറി. തലവടി കുതിരച്ചാല്‍ കോളനിയില്‍ വെള്ളംകയറി. അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ ആദ്യം വെള്ളംകയറുന്ന മേഖലയായി തലവടി മാറിക്കഴിഞ്ഞു.

കഴിഞ്ഞ മേയ് മാസത്തിലെ വേനല്‍ മഴയില്‍ പാടശേഖരങ്ങളിലടക്കം വെള്ളം കയറിയിരുന്നു. കപ്പ, വാഴ,ചേന തുടങ്ങിയ കരകൃഷികള്‍ക്കും വ്യാപകമായ നാശനഷ്ടം സംഭവിച്ചിരുന്നു. മഴ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here