കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തൊട്ടതെല്ലാം വ്യാജം. മോന്‍സന്റെ പുരാവസ്തു ശേഖരം മാത്രമല്ല അഭിമാന സിംബല്‍ ആയിരുന്ന വീട്ടിലെ ആഡംബരക്കാറുകളും വ്യാജമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതാണ് എന്ന നിഗമനത്തിലാണ് വകുപ്പ് അധികൃതര്‍.
മധ്യപ്രദേശ് റജിസ്ട്രേഷനുള്ള വാഹനങ്ങളുടെ നമ്പരും സംശയത്തിലാണ്. വിശദാംശങ്ങള്‍ സൈറ്റില്‍ ലഭ്യമല്ല. അതേസമയം മോൻസൻ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. മോന്‍സന്‍ പ്രതിയായ നാലു കേസുകളില്‍ തെളിവെടുപ്പും തുടരും. മോന്‍സന്‍ തട്ടിയെടുത്തെന്നു പരാതിക്കാര്‍ പറയുന്ന പത്തുകോടി രൂപ എവിടെയെന്ന് കണ്ടെത്തുകയും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.
അതേസമയം മോന്‍സണ്‍ മാവുങ്കലിനെ കലൂരിലെ വീട്ടിലെത്തിച്ചു വീണ്ടും തെളിവെടുത്തു. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്ത് കൊച്ചിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പരാതിക്കാരിലൊരാളായ യാക്കൂബ് പുറായിലില്‍നിന്ന് നാലുകോടി രൂപ വാങ്ങിയതിന് മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ കരാര്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോന്‍സണ്‍ വ്യാജരേഖ തയ്യാറാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
എച്ച്.എസ്.ബി.സി. ബാങ്കിന്റെ സീല്‍ പതിച്ച വ്യാജരേഖയും പണം ഇന്ത്യന്‍ രൂപയാക്കിയതിന്റെ രേഖകളും പ്രതിയുടെ കൈയിലുണ്ടായിരുന്നു. ഇത് കാണിച്ചാണ് പരാതിക്കാരില്‍ നിന്ന് പണം തട്ടിയത്. മോന്‍സണ്‍ തയ്യാറാക്കിയ രേഖകള്‍ വ്യാജമാണെന്ന് ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചു. മോന്‍സണ്‍ ഉന്നതരെയടക്കം കബളിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.