കോഴിക്കോട്: ഹരിത പ്രശ്നം മുസ്ലിം ലീഗിനെ പിടിച്ചു കുലുക്കുന്നു. എംഎസ്എഫുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തില്‍ പ്രശ്നം കൈവിട്ടു പോയെന്ന കണക്കുകൂട്ടാലിലാണ് ലീഗ് നേതാക്കള്‍. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മിഷനില്‍ ഹരിത നേതൃത്വം പരാതി നല്‍കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ലീഗില്‍ മുഴങ്ങുന്നത്.
ഹരിതയ്ക്കെതിരായ മുസ്ലീം ലീഗ് നടപടിയെത്തുടര്‍ന്ന് എം.എസ്.എഫിലുണ്ടായ പൊട്ടിത്തെറികള്‍ തുടരുകയാണ്. എംഎസ്എഫ് നേതാവ് പി.കെ.നവാസിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും ഇവര്‍ ആവശ്യം ഉയര്‍ത്തി.11 ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന്കത്ത്നല്‍കി. സംസ്ഥാന സീനീയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദു സമദിന് പിന്നാലെ സംസ്ഥാന, ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുകയാണ്.
അച്ചടക്കനടപടിക്ക് എതിരെ ഹരിത നേതാക്കളും ഇന്ന് പരസ്യപ്രതികരണം നടത്തുമെന്നാണ് സൂചന. അതിനിടെ, ഹരിതക്കെതിരായ നടപടി വിജയമായി ചിത്രീകരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ അനുകൂലിക്കുന്ന വിഭാഗം. നടപടി പ്രഖ്യാപനത്തിന് പിന്നാലെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഹരിത നേതാക്കളെ മോശമായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളും നടന്നിരുന്നു, ഇതേ തുടര്‍ന്നാണ് എം.എസ്.എഫില്‍ കടുത്ത പ്രതിഷേധം രൂപപ്പെട്ടത്.
അച്ചടക്ക നടപടിക്കെതിരെ ഹരിതാ നേതാക്കളുടെ പരസ്യ പ്രതികരണവും ഇന്നുണ്ടാകും.
ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ രാജിവെക്കാനൊരുങ്ങുകയാണ്. ജില്ലാ കമ്മിറ്റികളും രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലുണ്ടാകും. അച്ചടക്ക നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ച എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമ തെഹ്ലിയയും കോഴിക്കോട് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.