കേരളം തീവ്രവാദ ശക്തികളുടെ പിടിയില്‍; ക്രമസമാധാന തകര്‍ച്ച പൂര്‍ണ്ണവും; മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് താമരാക്ഷന്‍

0
249

തിരുവനന്തപുരം: കേരളം തീവ്രവാദ ശക്തികളുടെ പിടിയിലാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ആലപ്പുഴയിലെ രണ്ടു കൊലപാതകങ്ങളും പാലക്കാട്‌ നടന്ന രണ്ടു കൊലപാതകങ്ങളും ഇതിന്റെ തെളിവാണെന്ന് താമരാക്ഷന്‍ പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാതാവുകയും സ്വൈര്യജീവിതം അസാധ്യമാവുകയും ചെയ്തിരിക്കുന്നു. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി പദവി കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം ഒഴിയണം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന അരാജകമായ അന്തരീക്ഷം ഗവര്‍ണര്‍ തിരിച്ചറിയുകയും നടപടികള്‍ സ്വീകരിക്കുകയും വേണം.

ഒരു ഭാഗത്ത് തീവ്രവാദ ശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ മറുവശത്ത് ഗുണ്ടകള്‍ ആളുകളെ കൊന്നിട്ട് മൃതദേഹം പോലീസ് സ്റ്റെഷനുകളിലേക്ക് വലിച്ചെറിയുകയാണ്. ആര്‍എസ്എസും എസ്ഡിപിഐയും പരസ്പരം വെട്ടിക്കൊല്ലുന്നു. ഇങ്ങനെ ഒരു അവസ്ഥ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും നിലനില്‍ക്കുന്നില്ല.

ക്രമസമാധാനം ശക്തമാക്കുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് വന്ന വീഴ്ചയാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍. പട്ടാപ്പകലാണ് ഈ അരുംകൊലകള്‍ നടന്നിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതുണ്ട്. രാഷ്ട്രീയ കൊലകള്‍ അല്ല വര്‍ഗീയ ചുവയുള്ള കൊലപാതകങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. സ്ഥിതി ഗുരുതരമാണെന്ന് ഈ നാല് കൊലപാതകങ്ങളും വിരല്‍ ചൂണ്ടുന്നു. ആയുധങ്ങളുമായി ഗുണ്ടകളും തീവ്രവാദ സംഘങ്ങളും കൊലവിളി നടത്തുകയാണ്. ക്രമസമാധാനം കേരളത്തില്‍ തകര്‍ന്നിരിക്കുന്നു.

കേരളത്തിലെ തകര്‍ന്ന ക്രമസമാധാന തകര്‍ച്ച ശ്രദ്ധിക്കാതെ അഴിമതിയും കമ്മിഷനിലുമാണ് സര്‍ക്കാരിന്റെ ശ്രദ്ധ. കൊവിഡ് മരുന്ന് വാങ്ങിയത് മുതല്‍ സില്‍വര്‍ ലൈനില്‍ വരെ മണക്കുന്നത് കമ്മിഷന്റെ ഗന്ധമാണ്. സാമ്പത്തിക തകര്‍ച്ചയില്‍ കുടുങ്ങി കൃഷിക്കാരും ചെറുകിട കച്ചവടക്കാരും കുടുംബങ്ങളും കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. കടം കയറി മുടിഞ്ഞ സംസ്ഥാനത്തിനു നാളെ എന്ത് സംഭവിക്കും എന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. നാലഞ്ച് മാസം കഴിഞ്ഞാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍-താമരാക്ഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here