പാലക്കാട്: കേരളത്തില്‍ നിലനില്‍ക്കുന്നത് അപകടകരമായ സാഹചര്യമെന്നു ഉന്നത തല പോലീസ് വിലയിരുത്തല്‍. ഇരുപത്തിനാല് മണിക്കൂറില്‍ പാലക്കാട് നടന്ന രണ്ടു കൊലപാതകങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ശക്തമാക്കുമെന്നാണ് സേനയിലെ വിലയിരുത്തല്‍. ആലപ്പുഴയില്‍ നടന്നതിനു സമാനമായ രാഷ്ട്രീയ കൊലപാതകങ്ങളാണ് പാലക്കാടും ഇന്നും ഇന്നലെയുമായി നടന്നത്.
പോലീസിനു വീഴ്ച പറ്റി എന്നൊന്നുമുള്ള വിലയിരുത്തലല്ല സേനയില്‍ നിന്നും വരുന്നത്. അറിയപ്പെട്ട നേതാവല്ല രണ്ടാമത് വധിക്കപ്പെട്ട ശ്രീനിവാസന്‍ എന്നും അതുകൊണ്ട് തന്നെ പോലീസ് വീഴ്ച എന്ന നിഗമനത്തിലെത്താതെ രണ്ടു കൊലപാതകങ്ങളിലെയും പ്രതികളെ പിടിക്കാനാണ് തിടുക്കപ്പെട്ട നീക്കം. ഇന്നലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുൻ ആർഎസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ പാലക്കാട് സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്കകള്‍ ശക്തമാണ്.
രണ്ടു കൊലപാതകങ്ങള്‍ നടന്നതോടെ പാലക്കാട്ട് കൂടുതൽ പൊലീസിനെ വിന്യസിച്ചു. നിലവിലെ മൂന്ന് കമ്പനി പൊലീസ് സംഘത്തിന് പുറമെ മൂന്ന് കമ്പനി പൊലീസിനെ കൂടി പാലക്കാട്ടേക്ക് നിയോഗിച്ചു. എഡിജിപി വിജയ് സാഖറെ ഇന്ന് പാലക്കാട്ടേക്കെത്തും.
ആലപ്പുഴ ഇരുപത്തിനാല് മണിക്കൂറില്‍ നടന്ന രണ്ടു കൊലപാതകങ്ങളുടെ ഞെട്ടല്‍ മാറാതെ നില്‍ക്കുമ്പോള്‍ തന്നെയാണ് പാലക്കാടും സമാന രീതിയില്‍ ആര്‍എസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങള്‍ നടക്കുന്നത്. ഇന്നലെയുള്ള സുബൈറിന്റെ കൊലപാതകം സംഘടന അറിഞ്ഞല്ലെന്നും പ്രസ്താവന ഇറക്കിയ ശേഷം ആര്‍എസ്എസിന്റെ മുന്‍ നേതാവിനെ വെട്ടിക്കൊന്നത് ആര്‍എസ്എസ് നേതൃത്വം സൂക്ഷ്മമായി പരിശോധിക്കുകയാണ്.
കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി സംഘടനയില്‍ സജീവമല്ല. പകരത്തിനു പകരം എന്ന നിലയില്‍ ശ്രീനിവാസനെ ഉന്നം വെച്ചതെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. പ്രമുഖ നേതാക്കള്‍ എല്ലാം സുരക്ഷാ വലയത്തില്‍ തുടരുമ്പോള്‍ കിട്ടിയ ആളെ വകവരുത്തി എന്ന് തന്നെയാണ് ആര്‍എസ്എസ് നിഗമനം.
സുബൈര്‍ വധത്തിനു പകരം വീട്ടാന്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നു ബൈക്കുകളില്‍ ആറുപേര്‍ എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്. ഇവര്‍ ബൈക്ക് എതിര്‍ വശത്ത് നിര്‍ത്തി പരിസരം നിരീക്ഷിച്ച ശേഷം ക്രോസ് ചെയ്ത് ശ്രീനിവാസന്റെ ഷോപ്പിനു മുന്നിലേക്ക് പോവുകയാണ്. പിന്നീട് മൂന്നു പേര്‍ ഇറങ്ങി ഷോപ്പിനുള്ളിലേക്ക് പോകുന്നതും അതിവേഗം തിരികെ എത്തി ബൈക്ക് ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരിച്ചു.
വാൾ ഉപയോഗിച്ചാണ് ശ്രീനിവാസനെ വെട്ടിയതെന്ന് ദൃക്സാക്ഷി മൊഴിയില്‍ പറയുന്നു. തലയ്ക്കും നെറ്റിയിലും സാരമായ പരുക്കേറ്റിരുന്നു. ശ്രീനിവാസൻ കൊല്ലപ്പെടാനിടയായ ആക്രമണത്തിനു പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും കൂടുതൽ പൊലീസിനെ നിയോഗിച്ചു.