പാലക്കാട്: ആലപ്പുഴയിലെ ആര്‍എസ്എസ് -എസ്ഡിപിഐ കൊലപാതകങ്ങളുടെ ഞെട്ടല്‍ മാറാതിരിക്കുമ്പോള്‍ തനിയാവര്‍ത്തനമായി പാലക്കാട്ടെ സുബൈര്‍ (43) വധം. എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് വധവുമായി ബന്ധപ്പെട്ടാണ് എസ്ഡിപിഐ നേതാവായ സുബൈര്‍ വധമെന്നിരിക്കെ ആലപ്പുഴയ്ക്ക് പിന്നാലെ പാലക്കാടും അശാന്തമാവുകയാണ്.
പോലീസ് ജാഗ്രതയില്‍ വെള്ളം ചേര്‍ക്കപ്പെട്ടതോടെയാണ് സുബൈര്‍ വധം നടന്നത് എന്ന സൂചനകള്‍ ഇപ്പോള്‍ ശക്തമാണ്. സഞ്ജിത്ത് വധത്തെ തുടര്‍ന്ന് നല്‍കപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സഞ്ജിത്തിന്റെ സുഹൃത്തുക്കള്‍ ഈ കൊലയ്ക്ക് പകരം ചോദിച്ചേക്കുമെന്ന സൂചനകള്‍ അടങ്ങിയതായിരുന്നു. ഇപ്പോള്‍ കൊലപാതകം നടന്നപ്പോള്‍ ശരിയായി വരുന്നത് അന്നത്തെ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തന്നെയാണ്.
ഒരു കൊലപാതകത്തിന്റെ യാതൊരു സൂചനകളും ഇല്ലാതിരിക്കെയാണ് സുബൈര്‍ വധം നടന്നിരിക്കുന്നത്. വധവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. സംഘടന അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകം അല്ല എന്ന നിലപാടാണ് സംഘപരിവാര്‍ കൈക്കൊള്ളുന്നത്. ഈ വാദങ്ങള്‍ തള്ളുകയോ മുഖവിലയ്ക്ക് എടുക്കുകയോ ചെയ്യാതെയാണ് നിലവിലെ പോലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്.
കൊലയാളികള്‍ എത്തിയത് സഞ്ജിത്ത് ഉപയോഗിച്ച കാറിലാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. രണ്ട് കാറുകളിലെത്തിയ സംഘം വാഹനമിടിച്ച് വീഴ്ത്തിയശേഷം സുബൈറിനെ ആക്രമിക്കുകയായിരുന്നു. പള്ളിയിലെ നിസ്കാരം കഴിഞ്ഞ് പിതാവ് അബൂബക്കറിനൊപ്പം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അബൂബക്കറിന് വാഹനത്തില്‍നിന്ന് വീണ് പരുക്കേറ്റു. . രണ്ട് കാറുകളിലെത്തിയ സംഘം വാഹനമിടിച്ച് വീഴ്ത്തിയശേഷം സുബൈറിനെ ആക്രമിക്കുകയായിരുന്നു.
സുബൈർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സഞ്ജിത്തുമായി ബന്ധപ്പെട്ട ആളുകളെ തന്നെയാണ് പോലീസ് അന്വേഷിക്കുന്നത്. കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ വഴി തമിഴ്നാടിലേക്ക് രക്ഷപ്പെട്ടതായാണ് പോലീസ് വിശ്വസിക്കുന്നത്. സുബൈർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തുടര്‍അക്രമങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശം.