തിരുവനന്തപുരം: നൂപുര്‍ ശര്‍മ്മയ്ക്ക് എതിരെയുള്ള നടപടി വഴി ബിജെപി തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചുവെന്ന് മുന്‍ ആര്‍എസ്എസ് നേതാവ് ടി.ആര്‍.സോമശേഖരന്‍. നൂപുര്‍ പറഞ്ഞത് ”വിശുദ്ധ”ഗ്രന്ഥത്തിൽ ഉള്ളതും ദിവസേനയെന്നോണം പലരും പറഞ്ഞുകൊണ്ടിരിക്കുന്നതും സാമൂഹ്യമാദ്ധ്യമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്നതുമാണ്. നൂപുറിനു എതിരായ നടപടി വഴി നൂപുർ ഇസ്ലാമിനെതിരെ പാതകം ചെയ്തു എന്ന ധാരണ ബിജെപി സൃഷ്ടിച്ചു. മതനിന്ദ അക്ഷന്തവ്യമായ അപരാധമാണെന്നു കരുതുന്ന ഒരു പുതിയ ശക്തിയുടെ രംഗപ്രവേശം ജിഹാദികൾക്കു പുതിയ ശക്തിയും ആവേശവും നല്കി. ബിജെപിയുടെ നടപടി വഴി മുസ്ലീങ്ങളുടെ കലാപം ഉചിതമാണെന്നും സമ്മതിക്കേണ്ടിവരുമെന്ന് സോമശേഖരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
സോമശേഖരന്റെ കുറിപ്പ് ഇങ്ങനെ”
നൂപുർശർമ്മയോടുള്ള എതിർപ്പു് കലാപമായി പടർന്നുപിടിക്കുന്നു . ആരും പറയാത്തതല്ല അവർ പറഞ്ഞതു് . ”വിശുദ്ധ”ഗ്രന്ഥത്തിൽ ഉള്ളതും ദിവസേനയെന്നോണം പലരും പറഞ്ഞുകൊണ്ടിരിക്കുന്നതും സാമൂഹ്യമാദ്ധ്യമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്നതുമാണു്. അതിനൊന്നും ഉണ്ടാകാത്ത കലാപം ഇപ്പോൾ ഉണ്ടാകാൻ എന്താണു കാരണം? നൂപുർ ശർമ്മ ഇസ്ലാമിനെതിരെ പാതകം ചെയ്തു എന്ന ധാരണ ബിജെപി സൃഷ്ടിച്ചു . അതിനു ശിക്ഷയും നല്കി. മതനിന്ദ അക്ഷന്തവ്യമായ അപരാധമാണെന്നു കരുതുന്ന ഒരു പുതിയ ശക്തിയുടെ രങ്ഗപ്രവേശം ജിഹാദികൾക്കു പുതിയ ശക്തിയും ആവേശവും നല്കി .ഈ ശക്തി പ്രത്യക്ഷത്തിൽ ബിജെപിയാണെങ്കിലും പരോക്ഷമായി സംഘ പ്രസ്ഥാനംമുഴുവനുമാണെന്നു മുസ്ലീങ്ങൾ കരുതിയാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല.
കുറ്റം സമ്മതിച്ച ബിജെപിയുടെ ഭരണകൂടത്തിനു മുസ്ലീങ്ങളുടെ കലാപം ഉചിതമാണെന്നും സമ്മതിക്കേണ്ടിവരും . സാധുവായ ആവശ്യത്തിനാണല്ലൊ അതു് ! ഇതിനു പൂർവകാലപ്രാബല്യവുമുണ്ടാകും. മതത്തിൻെറ പേരിൽ ഇതുവരെ ചെയ്തതെല്ലാം ശരിയാണെന്നു വരും ; അതുകൊണ്ടു ഇനി ചെയ്യാൻ പോകുന്നതും. പച്ചക്കു പറഞ്ഞാൽ ഇതു മതഭ്രാന്തിനു കീഴടങ്ങലായിപ്പോയി . ഏകീകൃതസിവിൽനിയമത്തിൻെറയും ജനസങ്ഖ്യാനിയന്ത്രണത്തിൻെറയും വിഷയത്തിലും ഇതേ മാനദണ്ഡമായിരിക്കുമോ സ്വീകരിക്കുന്നതു് ? ആശങ്കപ്പെടേണ്ടിയിരിക്കുന്നു .
കലാപങ്ങളുടെ സൂത്രധാരനെ ഏജൻസികൾ തിരയുന്നുണ്ടു് . അതാരുമാകട്ടെ . പുതിയ ധൈര്യവും ആത്മവിശ്വാസവും ആവേശവും നേടി ഇപ്പോൾ ഈ കലാപത്തിനു് ഇവർ പുറപ്പെട്ടതിനു് ആരാണുത്തരവാദി ? സ്വന്തം നേതാക്കന്മാരെ മതനിന്ദ ആരോപിച്ചു ശിക്ഷിച്ചു തെറ്റായ വഴക്കം സൃഷ്ടിച്ചു് തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിച്ച ബിജെപി; അല്ലാതാര്?