കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് ജി.നായർ അറസ്റ്റിൽ. തെളിവ് നശിപ്പിച്ചതിനാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രി 8 മണിയോടെ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നൽകി വിട്ടയച്ചു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ഇയാൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുൻപ് ദിലീപ് അറസ്റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്.
ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖയിൽ ശരത്തിന്റെ ശബ്ദവും തിരിച്ചറിഞ്ഞതും ദിലീപിന്റെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ല നൽകിയ മൊഴികളുമാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്. തുടർന്ന് ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈൽ ഫോൺ ഓഫാക്കി മുങ്ങി. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇന്നു നാടകീയമായി അറസ്റ്റും നടന്നു.