കൊച്ചി: തിരഞ്ഞെടുപ്പ് സമയത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘വണ്‍’ നു നേരേ ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടിയായി സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കടയ്ക്കൽ ചന്ദ്രൻ. മമ്മൂട്ടിയുടെ കഥാപാത്രമായ കടയ്ക്കൽ ചന്ദ്രന് കേരളം ഭരിച്ച മുഖ്യമന്ത്രിമാരുമായി യാതൊരുവിധ സാമ്യവും ഇല്ല- സംവിധായകൻ പറയുന്നു. . ട്രെയിലർ കണ്ടിട്ടാണ് ആളുകൾ അങ്ങനെ വിലയിരുത്തിയതെന്നാണ് സംവിധായകൻ പറയുന്നത്. കൂടാതെ ആരേയും മാത്യകയാക്കിയിട്ടില്ലെന്നും സംവിധായകൻ പറയുന്നു. നിലവിലെ ഒരു രാഷ്ട്രീയ നേതാവുമായും രാഷ്ട്രീയ പാർട്ടിയുമായും ഒരു സാമ്യവും സിനിമയിലെ വസ്തുതകൾക്ക് ഉണ്ടാകരുതെന്ന് ആദ്യം തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. മമ്മൂട്ടിയും അതിനു പൂർണ പിന്തുണ നൽകി. ചിത്രത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരോ കൊടിയോ ഒന്നും അതുകൊണ്ടുതന്നെ ഉപയോഗിച്ചിട്ടില്ലെന്നും സംവിധായകൻ പറയുന്നു.
രാഷ്ട്രീയ ഉള്ളുകളികളല്ല, ജനകീയമായൊരു പ്രശ്‌നമാണ് ചിത്രത്തിന്റെ പ്രമേയം. ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒരു കാര്യമാണു സിനിമ പറയുന്നത്. ഇതൊക്കെ ഇവിടെ നടക്കുമോ എന്ന് സിനിമ കണ്ടുകഴിഞ്ഞു ചോദ്യമുയരാം. എന്നാൽ, ഒരു 25 വർഷത്തിനിടയ്ക്ക് ഇവിടെ സംഭവിച്ചേക്കാവുന്ന കാര്യാമാണിത്. അതിലേക്കുള്ള ചർച്ചയ്ക്കു വേദിയൊരുക്കുകയാണ് വൺ എന്ന ചിത്രം.,ഒപ്പം സമീപകാലത്തു ശ്രദ്ധിക്കപ്പെട്ട ചില കാര്യങ്ങൾ ചർച്ചചെയ്തു പോകുന്നുണ്ട്. കഥാപാത്രത്തെ പ്രത്യയശാസ്ത്രപരമായി ഏതെങ്കിലും പക്ഷത്തു നിർത്താനല്ല ശ്രമിച്ചിരിക്കുന്നത്. ഭരണപക്ഷം, പ്രതിപക്ഷം എന്നു മാത്രമാണു വേർതിരിച്ചിരിക്കുന്നത്. പ്രതിപക്ഷത്തെ പ്രധാനിയായ മുരളി ഗോപിയുടെ കഥാപാത്രം മുൻ മുഖ്യമന്ത്രിയാണ്.
തിരക്കഥയിലെ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ മൂർത്തരൂപത്തിൽ ഡിസൈൻ ചെയ്തതു മമ്മൂക്ക തന്നെയാണ്. കഥാപാത്രത്തിന്റെ രൂപഭാവാദികൾ എങ്ങനെയൊക്കെ ആയിരിക്കണമെന്ന നിർദേശങ്ങളിൽ ഏറിയ പങ്കും അദ്ദേഹത്തിന്റേതു തന്നെ. മുൻപു ചെയ്ത രാഷ്ട്രീയ കഥാപാത്രങ്ങളുമായി സാമ്യം വരാതിരിക്കാൻ മമ്മൂക്കയെടുത്ത മുൻകരുതലായിരുന്നു ആ പ്ലാനിങ്.. ഇതിന് മുൻപ് രാഷ്ട്രീയ ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് മലയാളത്തിൽ ഒരു മുഖ്യമന്ത്രി വേഷം ചെയ്യുന്നത്.