ന്യൂഡല്‍ഹി: കൊവിഡ് സംഹാരതാണ്ഡവം നടത്തുമ്പോള്‍ മരണ സംഖ്യ 40 ലക്ഷം കടക്കുന്നു. ഒരു ദിവസത്തെ മൂന്നു മരണത്തില്‍ ഒരെണ്ണം ഇന്ത്യയിലാണെന്നും റോയിട്ടേഴ്സ് പഠനം വ്യക്തമാക്കുന്നു. യുഎസ്എ, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ഇതില്‍ പകുതിപ്പേരും മരിച്ചത്. മരണസംഖ്യ ഇരുപതുലക്ഷമാകാന്‍ ഒരു വര്‍ഷമെടുത്തപ്പോള്‍ നാല്‍പതു ലക്ഷമാവാന്‍ വേണ്ടിവന്നത് 166 ദിവസം മാത്രമാണ്. . അതേസമയം, ജനസംഖ്യാനുപാതം കണക്കിലെടുത്താല്‍ കൂടുതല്‍ മരണം പെറു, ഹംഗറി, ബോസ്നിയ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ്.
കൊവിഡ് രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണവും മരണനിരക്കുമെല്ലാം കുത്തനെ വര്‍ധിച്ചു. ആരോഗ്യമേഖല കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യവും വന്നു. രാജ്യത്ത് പലയിടങ്ങളിലും ആശുപത്രിക്കിടക്കകളോ, ആവശ്യത്തിന് ഓക്‌സിജനോ ലഭ്യമല്ലാത്ത ദുരവസ്ഥ പോലും ഉണ്ടായി. ഇതാണ് ഇന്ത്യയില്‍ മരണനിരക്ക് ഉയര്‍ത്തിയത്.
സമയത്തിന് ചികിത്സ ലഭിച്ചില്ല എന്ന കാരണം മൂലം മാത്രം ജീവന്‍ നഷ്ടപ്പെട്ടവര്‍ തന്നെ ഏറെയാണ്. ഇതിനിടെ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി പ്രായമായവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉള്ളവരും മാത്രമല്ല, യുവാക്കളും വലിയ രീതിയില്‍ രോഗബാധിതരാകുന്നതായും മരണം സംഭവിക്കുന്നതായും വന്നു.
കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ടത് 21 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവരായിരുന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒന്നാം തരംഗത്തില്‍ ഈ വിഭാഗക്കാര്‍ 59.74 ശതമാനമായിരുന്നു ബാധിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാം തരംഗമായപ്പോഴേക്ക് ഇത് 62.4 ശതമാനമായി ഉയര്‍ന്നു.
ഏറ്റവുമധികം ആശങ്കയില്‍ കഴിഞ്ഞിരുന്ന അറുപത് വയസിന് മുകളില്‍ പ്രായം വരുന്നവരില്‍ 13.89 ശതമാനമായിരുന്നു രണ്ടാം തരംഗത്തില്‍ രോഗബാധ. ഒന്നാം തരംഗത്തില്‍ ഇത് 12.58 ശതമാനമായിരുന്നു. ഒന്ന് മുതല്‍ 20 വയസ് വരെ പ്രായമുള്ളവര്‍ക്കിടയിലെ കൊവിഡ് ബാധ കണക്കുകളിലും രണ്ടാം തരംഗമായപ്പോള്‍ വലിയ വ്യത്യാസം വന്നിട്ടില്ല. ആദ്യതരംഗത്തില്‍ 11.31 ശതമാനമായിരുന്നുവെങ്കില്‍ രണ്ടാം തരംഗത്തില്‍ 11.62 ശതമാനമായിരുന്നു അണുബാധയുടെ തോത്. ഒന്ന് മുതല്‍ പത്ത് വയസ് വരെ പ്രായം വരുന്നവരുടെ കാര്യത്തിലും രണ്ട് തരംഗത്തിലും വലിയ വ്യതിയാനം വന്നിട്ടില്ല.
കൊവിഡ് മൂന്നാം തരംഗവും രാജ്യത്ത് സംഭവിക്കുമെന്നും ഇതില്‍ കുട്ടികളായിരിക്കും കൂടുതലായി ബാധിക്കപ്പെടുകയെന്നും അഭ്യൂഹങ്ങളും വിലയിരുത്തലുകളും നടക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മൂന്നാം തരംഗം കുട്ടികളെ ലക്ഷ്യമിട്ട് വരുന്നതാണെന്ന് കരുതിയാല്‍ പോലും ഏത് പ്രായത്തില്‍ ഉള്‍പ്പെടുന്നവരും ജാഗ്രതയോടെ തന്നെ മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് രണ്ടാം തരംഗത്തിന്റെ അവാസനഘട്ടമാണ് പോയിക്കൊണ്ടിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇതനുസരിച്ച് പലയിടങ്ങളിലും ജനജീവിതം നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാവുകയും ചെയ്യുന്നുണ്ട്.