ന്യൂഡല്‍ഹി: ഡല്‍ഹി-പൂനെ ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസം നടന്നത് നാടകീയമായ സംഭവവികാസങ്ങള്‍. യാത്ര തുടങ്ങാന്‍ പോകും മുന്‍പ് യാത്രക്കാരന്‍ തനിക്ക് കോവിഡ് ആണെന്ന് അറിയിച്ചതാണ് യാത്രക്കാരെയും ജീവനക്കാരെയും ഒന്നടങ്കം ഞെട്ടിച്ചത്. ‘ഞാൻ കോവിഡ് പോസിറ്റീവാണ്’– ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനു തൊട്ടുമുൻപാണ് യാത്രക്കാരന്‍ അറിയിപ്പ് നല്‍കിയത്. ഇതു സംബന്ധിച്ച രേഖകള്‍ കൂടി യാത്രക്കാരന്‍ കാണിച്ചതോടെ ജീവനക്കാര്‍ ആദ്യമൊന്നു പകച്ചു.
ഉടന്‍ തന്നെ വിവരം പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ച ശേഷം വിമാനം പാര്‍ക്കിങ് ബേയിലേക്കു തിരികെ കൊണ്ടുപോയി. പുണെയിലേക്കുള്ള വിമാനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍. കോവിഡ് ബാധിതനെ ആംബുലൻസില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റി.
തുടര്‍ന്ന് രോഗി ഇരുന്ന സീറ്റിന് അടുത്തുണ്ടായിരുന്ന യാത്രക്കാരെ ആദ്യം പ്രത്യേക സ്ഥലത്തേക്ക് മാറ്റി. തുടര്‍ന്ന് സീറ്റുകള്‍ അണുവിമുക്തമാക്കി. എല്ലാവര്‍ക്കും പിപിഇ കിറ്റുകള്‍ നല്‍കി ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്.