ഈരാറ്റുപേട്ട: പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ച് പി.സി.ജോര്‍ജ്. കഴിഞ്ഞ ദിവസം പ്രചാരണ പരിപാടിക്കിടെ ഒരു സംഘം കൂക്കു വിളിയുമായി പ്രതിഷേധിച്ചതോടെയാണ് ജോര്‍ജിന്‍റെ തീരുമാനം . അതേസമയം പൂഞ്ഞാര്‍ മണ്ഡലത്തിലെ മറ്റിടങ്ങളില്‍ വാഹനപ്രചാരണവും സമ്മേളനങ്ങളും നടത്തുന്നുണ്ട്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് സമീപം തേവരുപാറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്ന് പി.സി. എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പ്രസംഗം തുടങ്ങിയപാടെ കൂക്കു വിളിയും പരിഹാസവുമുയര്‍ന്നു. വെല്ലുവിളിയുമായി മറുപടി നല്‍കി പി.സി.ജോര്‍ജും.
കാലങ്ങളായി ജോര്‍ജിന്‍റെ വോട്ടുബാങ്കായ മുസ്ലിം സമുദായം ഇക്കുറി അകല്‍ച്ചയിലായതോടെയാണ് ഈരാറ്റുപേട്ടയില്‍ പലയിടങ്ങളിലും ജോര്‍ജിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാനുള്ള മുന്‍ കരുതല്‍ എന്ന നിലയിലാണ് തല്‍ക്കാലം പേട്ട കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികള്‍ നിര്‍ത്തിവയ്ക്കാനുള്ള പി.സി.യുടെ തീരുമാനം.