തിരുവനന്തപുരം: പി.സി.തോമസ് എന്‍ഡിഎ വിട്ടു. സീറ്റ് നിഷേധവും തുടർച്ചയായ അവഗണനയുമാണ് എൻഡിഎ വിടാൻ കാരണമെന്ന് പി.സി. തോമസ് പ്രതികരിക്കുന്നു. ജോസഫ് ഗ്രൂപ്പുമായി ലയിക്കാനാണ് പിസിയുടെ നീക്കം. ചിഹ്നപ്രതിസന്ധി മറികടക്കാൻ പി.സി തോമസിന് സഹായിക്കാന്‍ കഴിയുമെന്നതിനാല്‍ നീക്കത്തില്‍ ജോസഫിനും താത്പര്യമുട്. കേരളകോൺഗ്രസെന്ന പേര് സ്വന്തമാക്കിയതിന് പുറമെ സൈക്കിൾ ചിഹ്നം സ്വന്തമാക്കാനും ലയനം വഴി കഴിയും. എൻഡിഎ ബന്ധം ഉപേക്ഷിക്കുന്ന പി.സി തോമസ് ഇന്ന് യുഡിഎഫ് വേദിയിലെത്തും. ലയനത്തിനപ്പുറം എൻഡിഎയിൽ നിന്ന് ഒരു ഘടകകക്ഷിയെ അടർത്തിയെടുക്കുന്നത് യുഡിഎഫിനും രാഷ്ട്രീയ നേട്ടമായി. ബിഡിജെഎസിന്റെ ഒരു വിഭാഗത്തെയും എന്‍സിപിയിലെ ഒരു വിഭാഗത്തെയും അടര്‍ത്തിയെടുക്കാന്‍ യുഡിഎഫിനു കഴിഞ്ഞിരുന്നു.
രണ്ടിലയിൽ അവകാശമില്ലെന്ന് സുപ്രീം കോടതിയും വിധിയെഴുതിയതോടെയായിരുന്നു ജോസഫിന്‍റെ ബദൽനീക്കം. പ്രാഥമിക ചർച്ചകൾ മാസങ്ങൾക്ക് മുൻപേ പൂർത്തിയാക്കിയതിനാൽ ലയനതീരുമാനം വൈകിയില്ല. നേതൃനിരയിൽ രണ്ടാം സ്ഥാനമാണ് പി.സി തോമസിനുള്ള വാഗ്ദാനം. പിളർപ്പിന് ശേഷം അസ്ഥിത്വമില്ലാതെ നിന്ന ജോസഫിനും കൂട്ടർക്കും തിരഞ്ഞെടുപ്പ് കാലത്തെ ലയനം നേട്ടമായി.
പുനസംഘടനയിൽ പി.ജെ. ജോസഫ് പാർട്ടി ചെയർമാനാകും. മുൻപ് ഒന്നിച്ച് നിന്ന ഘട്ടത്തിൽ സൈക്കിൾ ചിഹ്നത്തിലാണ് കേരള കോൺഗ്രസ് മത്സരിച്ചിരുന്നത്. സൈക്കിൾ ചിഹ്നം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ് കമ്മിഷനെയും സമീപിച്ചു.