അനില്‍ കുമാറിന്റെ സിപിഎം പ്രവേശനത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്; കൂടുതല്‍ നേതാക്കള്‍ സിപിഎമ്മിലെക്കോ?

0
361

തിരുവനന്തപുരം: ഡിസിസി ലിസ്റ്റുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ ഉടലെടുത്ത പൊട്ടിത്തെറി പരമാവധി മുതലാക്കാന്‍ സിപിഎം. കെപിസിസി സെക്രട്ടറി പി.എസ്.പ്രശാന്തിനെയും കെപിസിസി സംസ്ഥാന സംഘടന സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും വല വീശിപ്പിടിച്ചതോടെ പ്രാവര്‍ത്തികമാകുന്നത് സിപിമ്മിന്റെ പിഴയ്ക്കാത്ത രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെയാണ്.

രണ്ടാമത് അധികാരത്തില്‍ വന്നതോടെ തീരുമാനിച്ച യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന അജണ്ടയാണ് ഇപ്പോള്‍ സിപിഎം നടപ്പിലാക്കുന്നത്. കോണ്‍ഗ്രസിനെ തള്ളി സിപിഎമ്മിലേക്ക് എത്തുന്നത് വരെ നീക്കങ്ങള്‍ എല്ലാം രഹസ്യമാക്കും. കോണ്‍ഗ്രസിന് ഓര്‍ക്കാപ്പുറത്ത് അടി കിട്ടുമ്പോള്‍ മാത്രമാണ് നേതാക്കള്‍ കാര്യങ്ങള്‍ അറിയുക. സിപിഎമ്മിന്റെ ഈ തന്ത്രം വിജയിക്കുകയാണ്. കെപിസിസിയില്‍ കെ.സുധാകരന്‍ കഴിഞ്ഞാല്‍ രണ്ടാമനായ നേതാവിനെയാണ് സിപിഎം അടര്‍ത്തിയെടുത്തത്.

പി.എസ്. പ്രശാന്തിനെ സി.പി.എമ്മിലെത്തിക്കാൻ ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടന്നത്. കെ.പി.അനില്‍ കുമാറിനെ സിപിഎമ്മിലെത്തിക്കാന്‍ ചരട് വലിച്ചത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററും സംസ്ഥാന സെക്രട്ടറിയെറ്റ് അംഗമായ എളമരം കരീമുമാണ്. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അനുമതിയോടെയായിരുന്നു എല്ലാചർച്ചകളും.

പാലക്കാട് നിന്ന് കോൺഗ്രസ് വിട്ട എ.വി. ഗോപിനാഥും കോണ്‍ഗ്രസില്‍ തുടരുമോ എന്ന് ഒരുറപ്പും ഇല്ലാത്ത കെ.വി.തോമസുമൊക്കെ സിപിഎമ്മിന്റെ ലിസ്റ്റിലുണ്ട്. നിലവിലെ കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം നീക്കം. ഇതില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്നത് തന്നെയാണ് സിപിഎം ലക്ഷ്യം. പ്രശാന്തും കെ.പി.അനില്‍ കുമാറും സിപിഎമ്മില്‍ എത്തിയതോടെ അടുത്തത് ആര് എന്ന ചോദ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here