കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ചത് കേരളത്തിലെ ബിജെപി നേതൃത്വത്തിനു പുതിയ ഉണര്‍വേകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ജാഥ തുടങ്ങും മുൻപു പ്രധാനമന്ത്രി തന്നെ പാർട്ടി പരിപാടിയിലെത്തുന്നത് തിരഞ്ഞെടുപ്പു തയാറെടുപ്പിന് ഊർജമേകുമെന്ന പ്രതീക്ഷയിലാണു ബിജെപി. കൂടുതൽ ജനപിന്തുണ ആർജിക്കാനാവശ്യമായ നടപടികൾ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ മോദി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.
അമ്പലമുകളിലെ പൊതുപരിപാടികൾക്കു ശേഷം വൈകിട്ടു നാലരയോടെയാണ് മോദി പാർട്ടി യോഗത്തിനെത്തിയത്. പൊതുപരിപാടിയുടെ വേദിയോടു ചേർന്നു പ്രത്യേകം സജ്ജമാക്കിയ സമ്മേളന ഹാളിലായിരുന്നു യോഗം. കേരളത്തിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനാണ് കമ്മിറ്റി ചേർന്നത്. ദക്ഷിണേന്ത്യയിൽ കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല.
കേരളത്തിലെ സംഘടനാച്ചുമതലയുള്ള സി.പി.രാധാകൃഷ്ണൻ കേരളത്തിലെ തിരഞ്ഞെടുപ്പുകാര്യ ചുമതലക്കാരൻ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, സഹ ചുമതലക്കാരനും കർണാടക ഉപമുഖ്യമന്ത്രിയുമായ സി.എൻ. അശ്വഥ്നാരായൺ, സംഘടനാ സഹ പ്രഭാരിയും കർണാടക എംഎൽഎയുമായ വി.സുനിൽകുമാർ എന്നിവരും യോഗത്തിനെത്തി. സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, കേന്ദ്രമന്ത്രി വി.മുരളീധരനും ഒ.രാജഗോപാൽ എംഎൽഎയും കുമ്മനം രാജശേഖരനുമടക്കമുള്ള മുൻ സംസ്ഥാന അധ്യക്ഷന്മാർ തുടങ്ങിയവരും കോർ കമ്മിറ്റി അംഗങ്ങളാണ്.