Tuesday, February 7, 2023
- Advertisement -spot_img

പറഞ്ഞത് ദേശീയ- സംസ്ഥാന പുരസ്കാരജേതാക്കളെ ദീപം തെളിക്കാൻ ക്ഷണിക്കുമെന്ന്; കാത്തിരുന്നത് വെറുതെ; സലിം കുമാറിന് ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമില്ല

കൊച്ചി: ഐഎഫ്എഫ്കെ പരിപാടിക്ക് ക്ഷണിക്കും എന്ന് കരുതി കാത്തിരുന്നത് വെറുതെ. ഇപ്പോഴും സലിം കുമാറിന് അറിയില്ല കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്നെ അവഗണിച്ചത് എന്തിനെന്ന്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് എപ്പോഴും പുലിവാല് പിടിച്ചുകൊണ്ടിരിക്കുന്ന സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി തലപ്പത്ത്. അതുകൊണ്ട് തന്നെ തന്റെ കോണ്‍ഗ്രസ് പക്ഷപാതിത്വം കാരണമാണ് ക്ഷണിക്കാത്തതെന്ന് സലിം കുമാര്‍ വിശ്വസിക്കുന്നു. ഈ രീതിയില്‍ തന്നെയാണ് സലിം കുമാര്‍ പ്രതികരിക്കുന്നതും. രണ്ടു രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുന്നത്. . ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്രപ്രവർത്തകരെ ഉദ്ഘാടനച്ചടങ്ങിൽ ദീപം തെളിക്കാൻ ക്ഷണിക്കുന്നുവെന്നു പറഞ്ഞപ്പോഴാണ് തന്നെയും ക്ഷണിക്കുമെന്ന് സലിം കുമാര്‍ കരുതിയത്. എന്നാല്‍ നടന്നത് സിനിമയിലെ സലിം കുമാര്‍ ഡയലോഗ് പോലെ. എല്ലാം വെറുതെ. ഞാൻ എറണാകുളംകാരനാണ്. ദേശീയ അവാർഡും സംസ്ഥാന അവാർഡും ടെലിവിഷൻ അവാർഡും കിട്ടിയിട്ടുമുണ്ട്. ഇതു മൂന്നും കിട്ടിയവർ ജില്ലയിൽ വേറെയുള്ളതായി തോന്നുന്നുമില്ല. എന്നിട്ടും, അവരെന്ന ഒഴിവാക്കി. അതിനു പിന്നിൽ രാഷ്ട്രീയം തന്നെയാണ്. കാരണം, ഞാനൊരു കോൺഗ്രസുകാരനാണ്. മേളയിൽ സിപിഎം അനുഭാവികളെ മാത്രമേ അവർ അടുപ്പിക്കുന്നുള്ളൂ-സലിം കുമാര്‍ പറയുന്നു.

‘അമ്മ’ സംഘടനയുടെ പ്രതിനിധിയായി കമ്മിറ്റി അംഗമായ നടൻ ടിനി ടോം സലിം കുമാറിന്റെ കാര്യം ചോദിച്ചിരുന്നു. ‘സലിംകുമാറിനെ വിളിക്കണ്ടേ’ എന്നു ടിനി ചോദിച്ചപ്പോൾ ചിലർ ഒഴികഴിവുകൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഒഴിവാക്കുന്നതിന്റെ കാരണം, അതെന്താണെന്നറിയാൻ കമ്മിറ്റിയിൽ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെ വിളിച്ചു. ‘പ്രായക്കൂടുതൽ’ കാരണമാണ് എന്നെ ഒഴിവാക്കിയതെന്നാണ് അദ്ദേഹത്തിൽനിന്ന് അറിയാനായത്. അതെന്താ, എനിക്കു മാത്രമേ പ്രായമാകുന്നുള്ളോ? എന്നോടൊപ്പം മഹാരാജാസ് കോളജിൽ പഠിച്ച പലരെയും ഇതേ ചടങ്ങിൽ ദീപം തെളിക്കാൻ ക്ഷണിച്ചിട്ടുണ്ടല്ലോ? എങ്കിലും, പ്രായക്കൂടുതലെന്ന കാരണം രസകരമായിത്തോന്നി. കലാകാരന്മാരോട് എന്തും ചെയ്യാമെന്ന് അവർ മുൻപും തെളിയിച്ചിട്ടുണ്ടല്ലോ? അതാണല്ലോ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മേശപ്പുറത്തു വച്ചിട്ട് എടുത്തുകൊള്ളാൻ പറഞ്ഞത്!

എന്നെ മാറ്റിനിർത്തുന്നതിൽ ആരൊക്കെയോ വിജയിച്ചിട്ടുണ്ട്. ആ വിജയം അവരുടെ വിജയമായി ഇരിക്കട്ടെ. ‍തോൽക്കുന്നതിൽ എനിക്കു വിഷമവുമില്ല. എന്നെ ഒഴിവാക്കിയതുകൊണ്ട് അവർ എന്താണു നേടിയതെന്ന് അറിയില്ല. തുറന്നു പറയുന്നതിന്റെ ദോഷങ്ങളായിരിക്കാം ഞാൻ നേരിടുന്നത്. എന്തെങ്കിലും സ്ഥാനമാനങ്ങൾ കിട്ടാനായി പാർട്ടി മാറാൻ എന്തായാലും ഒരുക്കമല്ല. പക്ഷേ, എന്നെ ഒഴിവാക്കിയെന്നതിനപ്പുറം, ഗൗരവമുള്ള ചില കാര്യങ്ങളുണ്ട്. കലയിൽ രാഷ്ട്രീയം കലർത്തുന്നത് അങ്ങേയറ്റം അപകടകരമാണ്. ഇത്തരം മോശപ്പെട്ട പ്രവണതകൾ കലാമേഖലയ്ക്കു വലിയ ദോഷം ചെയ്യും. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഭാവിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും തെറ്റായ സന്ദേശമാണു നൽകുന്നത്. എല്ലാവർക്കും വ്യക്തിപരമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നാൽ, വ്യക്തിപരമായ രാഷ്ട്രീയം ഒരിക്കലും കലയിൽ കലർത്താൻ പാടില്ല. കല സ്വതന്ത്രമായി ചിന്തിക്കാനുള്ളതാണ്.

ഒരു കലാകാരനും മറ്റൊരു കലാകാരനെ അടിച്ചമർത്താനുള്ള ഉപാധിയായി രാഷ്ട്രീയ നിലപാടുകളെ ദുരുപയോഗിക്കരുത്. രാഷ്ട്രീയത്തിന്റെ പേരിൽ ഒരു കലാകാരന്റെയും അവസരങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ല. അയാളെ, അവരെ, ഒറ്റപ്പെടുത്താനും പാടില്ല. ഒതുക്കലും അടിച്ചമർത്തലും ഒഴിവാക്കലുമൊന്നും ഇപ്പോൾ തുടങ്ങിയ പ്രവണതയല്ല. പണ്ടുമുതലേ ഇതൊക്കെയുണ്ട്. പക്ഷേ, അതിനൊരു മാറ്റം ഇനിയും വന്നിട്ടില്ല. ഇന്നും പ്രതികരിക്കാൻ പലർക്കും ഭയമാണ്. ഒതുക്കിക്കളയുമെന്ന പേടി! ആരെയൊക്കെ പേടിക്കണം എന്നറിയാത്ത അവസ്ഥയിലൂടെയാണു കലാകാരൻ കടന്നുപോകുന്നത്. അതിനൊരു മാറ്റം വരണം. തീർച്ചയായും ഈ സ്ഥിതി മാറിയേ തീരൂ.-സലിം കുമാര്‍ പറയുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article