കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ചു. അപകടത്തിൽപ്പെട്ട് 10 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നാണ് വിവരം. ബേപ്പൂർ സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് അപകടം. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട രണ്ട് പേരെ കടലിൽ നിന്നുംകണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കപ്പൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. . ബോട്ടിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ, ഒഡീഷ സ്വദേശികളുമാണ്. ബോട്ടിൽ മലയാളികൾ ആരും ഇല്ലായിരുന്നുവെന്നാണ് വിവരം.
ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരിൽ നിന്നും പോയത്. പത്ത് ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താനായിരുന്നു ഇവരുടെ പ്ലാൻ. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്‍റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചിൽ തുടരുകയാണ്.