കോഴിക്കോട്: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. സോളാര്‍ തട്ടിപ്പില്‍ കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. തടവ് കൂടാതെ സരിത 30,000 രൂപ പിഴയുമടയ്ക്കണം. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് പരാതി നല്‍കിയത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല. കേസിൽ രണ്ടാം പ്രതിയാണ് സരിത. പ്രതിയായ ബിജു രാധാകൃഷ്ണന്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.
ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നു കോഴിക്കോട് പോലീസ് തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്തത്. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്‌ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ബിസിനസിന് വേണ്ടി ചതി എന്നതിനപ്പുറം ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും ബിജുരാധാകൃഷ്ണനാണ് തന്നെ ചതിച്ചതെന്ന് സരിത പറഞ്ഞെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല.