കാബൂൾ: താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? അമേരിക്കയേയും ലോകത്തേയും നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ഇരുപത് വര്‍ഷം തികയുന്ന നാളെ താലിബാന്‍സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന.
തങ്ങളുടെ ഇടക്കാല സർക്കാർ രൂപീകരിച്ചെങ്കിലും സത്യപ്രതിജ്ഞ കാര്യത്തിൽ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അമേരിക്കയ്ക്കും ലോക രാജ്യങ്ങൾക്കും അത്ര സുഖകരമായ സന്ദേശമല്ല നൽകുന്നത്. കാരണം, അമേരിക്കയേയും ലോകത്തേയും നടുക്കിയ 9/11 ആക്രമണത്തിന്റെ ഇരുപതാം വാർഷികമായ ഈ വരുന്ന സെപ്തംബർ 11ന് താലിബാന്റെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
അൽ-ഖ്വയ്ദ സെപ്തംബർ 11 ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക അഫ്ഗാനിൽ കടക്കുകയും താലിബാൻ സർക്കാരിനെ പുറത്താക്കുകയും ചെയ്തത്. പിന്നീട് വർഷങ്ങളോളം നീണ്ട അഫ്ഗാനിലെ സെെനിക ദൗത്യം ഇക്കഴിഞ്ഞ ആഗസ്റ്റ് 31ഓടെയാണ് അവർ അവസാനിപ്പിച്ചത്.
ഇതിനു പിന്നാലെ താലിബാൻ രാജ്യത്ത് ശക്തിപ്രാപിക്കുകയും അവടെ അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. ഇപ്പോൾ താലിബാൻ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഇടക്കാല സർക്കാരിന്റെ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത് യു.എൻ ഭീകരപ്പട്ടികയിലുളള താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദിനെയാണ്. മൂവായിരത്തോളംപേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബർ 11ലെ ആക്രമണം ലോകംകണ്ട ഏറ്റവുംവലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണ്.
നാല് പാസഞ്ചര്‍ എയര്‍ലൈനുകള്‍ 19 തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുകയും രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചു കയറ്റുകയുമായിരുന്നു. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു. വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നു വീണു. തുടക്കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലാദന്‍ പിന്നീട് അത് നിഷേധിച്ചിരുന്നു.