ദേവതകള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു; ചടങ്ങുകൾ വെട്ടിച്ചുരുക്കിയ തൃശ്ശൂർ പൂരത്തിനു സമാപനം

തൃശ്ശൂർ: തൃശ്ശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ ആഘോഷ ചടങ്ങുകൾ സമാപിച്ചത്. മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതോടെയാണ് പൂരം വെട്ടിച്ചുരുക്കിയത്. ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശ്ശൂർ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്. ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ് തിരുവമ്പാടിയും പാറമേക്കാവും എഴുന്നള്ളിയത്. തിരുവമ്പാടി നേരത്തെ തന്നെ ഒരാനപ്പുറത്ത് എഴുന്നള്ളും എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് 15 ആനകളെ വച്ചു നടത്താനിരുന്ന എഴുന്നള്ളത്ത് ഒരാനയെവച്ച് നടത്തി.
അടുത്ത തൃശ്ശൂർ പൂരത്തിനുള്ള തീയതി നിശ്ചയിച്ച ശേഷമാണം ഈ പൂരത്തിന് സമാപനമായത്. 2022 മെയ് 10-നാണ് അടുത്ത തൃശ്ശൂർ പൂരം. മെയ് പതിനൊന്നിനായിരിക്കും പകൽപ്പൂരം.

മുപ്പത് കൊല്ലത്തിലേറെയായി തൃശ്ശൂർ പൂരം നടത്തിപ്പിനും തിരുവമ്പാടി ക്ഷേത്രത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ച പൂച്ചെട്ടി സ്വദേശി രമേശനും, പൂങ്കുന്നം സ്വദേശിയായ പനയത്ത് രാധാകൃഷ്ണനുമെന്ന് തിരുവമ്പാടി ദേവസ്വം അധികൃതർ പറയുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം ദേവസ്വം ചർച്ച ചെയ്യുമെന്നും ദേവസ്വം വ്യക്തമാക്കി. 25 പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുക്കുകയായിരുന്നു.

തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവർ മരിച്ചു. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here