തിരുവനന്തപുരം: പ്രാര്‍ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദിയെന്ന്വാ വ സുരേഷ്. പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വാവ. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് പേരുടെ ദാനമാണ് ഇനിയുള്ള ജീവിതം. തനിക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കെല്ലാം നന്ദി. ഇനി കുറച്ചുദിവസം വിശ്രമത്തിലാവുമെന്നും വാവ സുരേഷ് പറഞ്ഞു.
പാമ്പ് കടിക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് തനിക്ക് ഒരു അപകടം സംഭവിച്ചു. കഴുത്തിനും നട്ടെല്ലിനുമെല്ലാം പരിക്കേറ്റ അവസ്ഥയിലായിരുന്നു. വേദന പൂര്‍ണമായും മാറുന്നതിന് മുന്‍പാണ് പാമ്പിനെ പിടിക്കാന്‍ പോയത്. പാമ്പിനെ പിടിച്ച് ചാക്കിലേക്ക് കയറ്റാനായി കുനിഞ്ഞപ്പോള്‍ നട്ടെല്ലിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ടു. അതിലേക്ക് ശ്രദ്ധ പോയപ്പോഴാണ് പാമ്പ് കടിച്ചത്.
തനിക്കെതിരേ കേരളത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. പാമ്പിനെ പിടിക്കാന്‍ തന്നെ വിളിക്കരുതെന്ന രീതിയിലുള്ള ഒരു പ്രചാരണം നടക്കുന്നുണ്ടെന്നാണ് മനസ്സിലായത്. വനംവകുപ്പ് ജീവനക്കാരടക്കം ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടെന്നും വാവ സുരേഷ് പറഞ്ഞു. തിരുവനന്തപുരത്ത് ഉള്ളൂരിന് സമീപത്തുള്ള ചെറുതയ്ക്കല്‍ ഭാഗത്താണ് വാവ സുരേഷിന്റെ വീട്.