ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ ശിവാജി പാര്‍ക്കില്‍ സംസ്കാരം

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം. ഭൗതിക ശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാര്‍ക്കിലെത്തി ആദരാഞ്ജലി അര്‍പിച്ചു. ചലചിത്ര, സംഗീത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ മറ്റു പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയെ അനുഗമിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാവിലെ എട്ടേകാലിനാണ് ലതാമങ്കേഷ്കര്‍‌ മരിച്ചത് . 92 വയസായിരുന്നു. ഐസിയു വില്‍ ചികില്‍സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചു. കഴിഞ്ഞ 29 ന് ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതോടെ ലത മങ്കേഷ്കറെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നെങ്കിലും ഇന്നലെ നില വഷളാവുകയായിരുന്നു.

2001 ലാണ് ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി രാജ്യം ലത മങ്കേഷ്കറെ ആദരിച്ചത്. പത്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡും വാനമ്പാടിയെ തേടിയെത്തി. വിയോഗത്തില്‍ രാജ്യത്ത് രണ്ട് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളുമടക്കം രാഷ്ട്രീയ ചലചിത്ര സംഗീത രംഗത്തെ നിരവധി പ്രമുഖരാണ് ലതാ ജിയെ അനുസ്മരിച്ചത്. അത്യന്തം ഹൃദയഭേദകമാണ് ലത മങ്കേഷ്കറുടെ വിയോഗ വാര്‍ത്തയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. ലതാ മങ്കേഷ്കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ശൂന്യത അവശേഷിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here