ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് തിരിച്ചടി; വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഡി സതീശന്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ്. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടേയും എതിര്‍പ്പ് തള്ളിയാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെപിസിസി നേതൃമാറ്റ തീരുമാനവും വൈകാതെയുണ്ടാകും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തലമുറ മാറ്റമെന്ന ഒറ്റമൂലിയാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിലൂടെ ഹൈക്കമാന്‍ഡ് പുറത്തെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതൃസ്ഥാനത്ത് തുടരട്ടെയെന്ന് ഉമ്മന്‍ ചാണ്ടി അവസാനനിമിഷംവരെ വാദിച്ചു. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദം മറികടന്ന് തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളുകയായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഡി സതീശന് അനുകൂലമായ റിപ്പോര്‍ട്ടാണ് എഐസിസിക്ക് നല്‍കിയത്. രാഹുല്‍ ഗാന്ധിയും പച്ചക്കൊടി കാട്ടി. ഭൂരിഭാഗം എംപിമാരും സതീശനെ പിന്തുണച്ചു. കേരളത്തിലെ തോല്‍വി ദേശീയ തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിനാല്‍ ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ അവഗണിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായി.

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ തുടര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും അത് കീഴ്‍വഴക്കമായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം എന്ന വിലയിരുത്തലുമുണ്ടായി. പ്രതിപക്ഷ നേതൃ മാറ്റത്തില്‍ മാത്രം അഴിച്ചുപണി ഒതുങ്ങില്ല. കെപിസിസി നേതൃത്വത്തിലും ഉടന്‍ മാറ്റമുണ്ടാകും. തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും പ്രഖ്യാപനം.

വി.ഡി.സതീശന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ പ്രതിപക്ഷനേതാവ്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം വഹിച്ചു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി അഞ്ചാംതവണ പറവൂരില്‍ നിന്നുള്ള എംഎല്‍എ. സിറ്റിങ് എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം. എംജി സർവകലാശാല യൂണിയൻ ചെയർമാനായും എൻഎസ്‌യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. 25 പ്രധാന സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയൻ നേതാവാണ്. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയിരുന്നു. 5 വർഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിച്ചു. മികച്ച എംഎൽഎയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാർഡുകൾ ലഭിച്ചു. സോഷ്യോളജിയിലും നിയമത്തിലും ബിരുദം.

LEAVE A REPLY

Please enter your comment!
Please enter your name here