കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ദുബായിൽ നിന്നാണ് അദ്ദേഹം കേരളത്തിലെത്തിയത്. നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നാട്ടിലെത്തുന്നതിന് നടന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ വിജയ് ബാബുവിന്റെ ഹർജി വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതി കേരളത്തിലേക്ക് എത്തുന്നതാണ് ഇരയ്ക്കും പ്രതിക്കും അന്വേഷണത്തിനും ഗുണകരമെന്ന് വിലയിരുത്തിയായിരുന്നു ഈ നടപടി.
ബുധനാഴ്ച ദുബായിൽനിന്ന് കൊച്ചിയിലേക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ പകർപ്പ് വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിക്ക് കൈമാറിയിരുന്നു. എത്തിയാൽ ഉടൻ അന്വേഷണോദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. അറസ്റ്റ് വിലക്കിയിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യംചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ശക്തമായി എതിർത്തിരുന്നുവെങ്കിലും ഇടക്കാല മുൻകൂർ ജാമ്യം കോടതി അനുവദിക്കുകയായിരുന്നു.