വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ യുവാക്കള്‍ക്ക് സുപ്രധാന പങ്ക് : കേന്ദ്രമന്ത്രി വി.മുരളീധരന്‍

നെഹ്റു യുവ കേന്ദ്ര രാജ്യ വ്യാപകമായി നടത്തുന്ന ജില്ലാതല യൂത്ത് പാര്‍ലമെന്റ് തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ വിദേശകാര്യ - പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: 2047-ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ യുവാക്കള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി വിദേശകാര്യ – പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര രാജ്യ വ്യാപകമായി നടത്തുന്ന ജില്ലാതല യൂത്ത് പാര്‍ലമെന്‍റ് തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ നാടിൻ്റെ പുരോഗതി സാധ്യമാക്കുകയാണ് യൂത്ത് പാര്‍ലമെൻ്റിൻ്റെ  ലക്ഷ്യമെന്ന് വി. മുരളീധരന്‍ പറഞ്ഞു.
രാജ്യത്തിൻ്റെ സ്വപ്നത്തിലും സാധ്യതകളിലും യുവത്വമുണ്ട്. യുവാക്കളെ സ്വപ്നം കാണാന്‍ മാത്രമല്ല അത് സാക്ഷാത്കരിക്കാന്‍ കൂടി പഠിപ്പിച്ച വ്യക്തിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും വി. മുരളീധരന്‍ പറഞ്ഞു. ചടങ്ങില്‍ എന്റെ ഭാരതം വികസിത ഭാരതം സംസ്ഥാനതല പ്രസംഗ മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മന്‍ കി ബാത്ത് സീസണ്‍ – 2 ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോകളും കേന്ദ്രസഹമന്ത്രി വിതരണം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ അനില്‍ കുമാര്‍ എം, പിഐബി & സിബിസി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി , ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ തലവന്‍ സ്വാമി ഗുരുസാവിധ്ജ്ഞാന തപസ്വി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. എ.രാധാകൃഷ്ണന്‍ നായര്‍, തിരുവനന്തപുരം ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ പി. എന്നിവര്‍ സംബന്ധിച്ചു.
യുവാക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാനുള്ള അവസരമൊരുക്കുക, വിവിധ വിഷയങ്ങള്‍ ഭരണതലത്തില്‍ ശ്രദ്ധയില്‍പ്പെടുത്തുക, അത്തരം പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക, ഗവണ്‍മെന്റിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുക, തുടങ്ങിയവയാണ് യൂത്ത് പാര്‍ലമെന്‍റിന്‍റെ ലക്ഷ്യം

 

LEAVE A REPLY

Please enter your comment!
Please enter your name here