വൈഗയുടെ മരണത്തിനു പിന്നിലെന്ത്? സനു മോഹന്‍ ആദ്യം ഉത്തരം പറയേണ്ടി വരുക ഈ ചോദ്യത്തിന്!

കൊച്ചി: സനു മോഹന്‍ അറസ്റ്റില്‍ ആകുമ്പോള്‍ അറിയാനുള്ള ഒരു പ്രധാന കാര്യം വൈഗയുടെ മരണത്തെക്കുറിച്ച് തന്നെ. എപ്പോഴും കളിച്ചും ചിരിച്ചും ഒരു പൂമ്പാറ്റയെപ്പോലെ ഓടി നടന്ന ഓമനത്തം തുളുമ്പുന്ന ആ 13 വയസ്സുകാരിയെ എന്തിനു കൊന്നു എന്ന ചോദ്യത്തിനാണ് സനു ഉത്തരം പറയേണ്ടി വരുക. വൈഗയുടെ മരണം അറിഞ്ഞതു മുതല്‍ കേരളം ആഗ്രഹിക്കുന്നതും സനുവില്‍ നിന്നുള്ള ഈ ഉത്തരത്തിനു തന്നെയാണ്. വൈഗയുടെ ആന്തരാവയവ പരിശോധനയില്‍ നിന്നും ഒരു വിവരം കേരളാ പൊലീസ് മാര്‍ക്ക് ചെയ്ത് വച്ചിട്ടുണ്ട്. വൈഗയുടെ ഉള്ളില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നു എന്ന വസ്തുത. മദ്യം നല്‍കി മയക്കിയ ശേഷം വൈഗയെ സനു മോഹന്‍ എന്ന നീചനായ അച്ഛന്‍ പുഴയിലേക്ക് എറിയുകയായിരുന്നോ? അങ്ങിനെ വൈഗയെ കൊലപ്പെടുത്തിയെങ്കില്‍ അതിനു കാരണമെന്ത്? ഇതെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയിരുന്നു ഇതുവരെ. ഈ കാര്യങ്ങള്‍ സനു മോഹന് വിശദമാക്കേണ്ടി വരും.
കര്‍ണാടകയില്‍ അറസ്റ്റിലായ ഇയാളെ ഇന്നു രാത്രിയോടെയോ നാളെ രാവിലെയോ കൊച്ചിയില്‍ എത്തിച്ചതിന് ശേഷമായിരിക്കും വിശദമായ ചോദ്യംചെയ്യലും മറ്റുള്ള നടപടികളും ഉണ്ടാവുക.

സനുമോഹന്‍ വൈഗയെ എടുത്തുകൊണ്ട് കാറില്‍ കയറുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ആ സമയം വൈഗ മയക്കത്തില്‍ ആയിരുന്നു. പിന്നീട് വൈഗയെ മരിച്ച നിലയില്‍ മുട്ടാര്‍ പുഴയില്‍ നിന്നാണ് കണ്ടെടുക്കുന്നത്. മഹാരാഷ്ട്രയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളെക്കാള്‍ ഈ ചോദ്യത്തിനുള്ള ഉത്തരമാകും കൊച്ചിയില്‍ എത്തിയാല്‍ ഉടന്‍ സനു മോഹന്‍ പറയേണ്ടി വരുക. വൈഗയുടെ മരണവും യ സനുമോഹന്റെ തിരോധാനവും തികച്ചും ആസൂത്രിതമാണെന്ന നിഗമനമാണ് പോലീസിനു ഉള്ളത്. വൈഗയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചെങ്കിലും പുഴയില്‍ വീണതാണോ പുഴയിലേക്ക് എറിഞ്ഞതാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. മാത്രമല്ല, സംഭവദിവസം വൈഗയെ അബോധാവസ്ഥയിലാണ് സനുമോഹന്‍ കാറില്‍ കയറ്റി കൊണ്ടുപോയെന്ന വിവരവും നിര്‍ണായകമായി മാറിയിരുന്നു.

മാര്‍ച്ച് 21-നാണ് ആലപ്പുഴയിലെ ഭാര്യവീട്ടില്‍നിന്ന് മടങ്ങിയ സനുമോഹനെയും മകള്‍ വൈഗ(13)യെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കൊച്ചി കങ്ങേരിപ്പടിയിലെ ഫ്‌ളാറ്റിലെത്തിയ സനുവിനെക്കുറിച്ചും മകളെക്കുറിച്ചും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഫ്‌ളാറ്റില്‍നിന്ന് കാറില്‍ മകളുമായി യാത്രതിരിച്ചെന്ന വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാര്‍ച്ച് 22-ന് മുട്ടാര്‍ പുഴയില്‍നിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സനു മോഹന്‍ ‘അപ്രത്യക്ഷനായി’ തുടരുകയായിരുന്നു. ഇതോടെ ദുരൂഹതയും വര്‍ധിച്ചു. സനുവിന്റെ കാര്‍ വാളയാര്‍ കടന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നിര്‍ണായകമായത്.

സനുമോഹന്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ, സനുവിന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് സംശയാസ്പദമായ പലവിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. മഹാരാഷ്ട്രയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് സനുമോഹനെന്നും മഹാരാഷ്ട്ര പോലീസ് ഇയാളെ തിരയുകയാണെന്നും വിവരം ലഭിച്ചതോടെ കേരളാ പോലീസും ഈ കുറ്റവാളിയ്ക്ക് ആയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഏറെ ദുരൂഹതനിറഞ്ഞതായിരുന്നു സനുമോഹന്റെ കൊച്ചിയിലെ ജീവിതം. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി ഏകദേശം 11 ലക്ഷം രൂപയാണ് ഇയാള്‍ വായ്പയെടുത്തിരുന്നത്. ഭാര്യയുടെ പേരിലുള്ള ഫ്‌ളാറ്റ് ആരുമറിയാതെ സ്വകാര്യവ്യക്തിക്ക് പണയത്തിന് നല്‍കുകയും ചെയ്തു. കങ്ങേരിപ്പടിയിലെ ഫ്‌ളാറ്റിനുള്ളില്‍ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പോലീസിന് ലഭിച്ചിരുന്നു. ഇതോടെ സാമ്പത്തിക ഇടപാടുകള്‍ തന്നെയാണ് ഇത്തരമൊരു തിരോധാനത്തിന് പിന്നിലെന്ന് പോലീസും സംശയിച്ചു.

മകളുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ സനു മോഹന്‍ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇന്നു പിടിയിലായത്. മൂകാംബികയില്‍ നിന്നു മുങ്ങിയ ഇയാളെ തേടിയുള്ള തിരച്ചിലിന് പൊലീസ് കർണാടക പോലീസിന്റെ സഹായം കേരളാ പോലീസ് തേടിയിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസ് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് പിടി വീണത്.

LEAVE A REPLY

Please enter your comment!
Please enter your name here