തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ ജയിക്കാനാകുമെന്ന് സിപിഐ വിലയിരുത്തല്‍. എണ്‍പതിലേറെ സീറ്റുകള്‍ നേടി ഇടതുമുന്നണി ഭരണത്തില്‍ തുടരുമെന്നും നിര്‍വാഹകസമിതി യോഗം വിലയിരുത്തി. കഴിഞ്ഞതവണ 19 സീറ്റുകളില്‍ ജയിച്ച സിപിഐ, ഇത്തവണ രണ്ടുസീറ്റുകളെങ്കിലും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. മലപ്പുറത്തെ ചില സീറ്റുകളും തൃശൂരും ഒഴികെയുള്ളവ ജയിക്കാനാകുമെന്നാണ് ജില്ലാ നേതൃത്വങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇടുക്കി ജില്ലാ സെക്രട്ടറി കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നതിനാല്‍ പീരുമേട് മണ്ഡലത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ ലഭ്യമായില്ല. ഇത്തവണ 25 സീറ്റുകളിലാണ് സിപിഐ മല്‍സരിച്ചത്. തൃശൂര്‍ സീറ്റ് തോല്‍ക്കുമെന്നാണ് ജില്ലാ നേതൃത്വത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. തിരൂരങ്ങാടി സീറ്റില്‍ ഇത്തവണ സിപിഐ അട്ടിമറി മണക്കുന്നുണ്ട്.
സിറ്റിങ് സീറ്റുകളില്‍ തൃശൂരില്‍ പരാജയമെന്ന് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ്ഗോപി പിടിക്കുന്ന സീറ്റുകള്‍ അനുസരിച്ച് ഇവിടെ ഫലം മാറിമറിയാം. സുരേഷ് ഗോപി കൂടുതല്‍ വോട്ടുപിടിച്ചാല്‍ നേരിയ ജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത ശക്തികേന്ദ്രങ്ങളെല്ലാം ഒപ്പംനില്‍ക്കുമെന്നാണ് സിപിഐയുെട പ്രതീക്ഷ. ഇതേസമയം കരുനാഗപ്പള്ളിയിലും പട്ടാമ്പിയിലും കടുത്ത മല്‍സരം നടന്നിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്.
കഴിഞ്ഞതവണത്തെ സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന് തന്നെ വീണ്ടും സീറ്റ് നല്‍കിയത് ഗുണം ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കെപിഎ മജീദിനോട് തുടക്കത്തില്‍ പ്രാദേശികമായി മുസ്ലീം ലീഗിലുണ്ടായ എതിര്‍പ്പും, ഇ.കെ.സുന്നി വിഭാഗത്തിനുള്ള താല്‍പര്യക്കുറവും പ്രതിഫലിച്ചാല്‍ നിയാസിന് ജയിക്കാനാകും എന്നാണ് കണക്കുകൂട്ടല്‍.