വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി; അമ്മയില്‍ നിന്ന് മൊഴിയെടുത്തു

പാലക്കാട്: സിപിഎമ്മിന് തലവേദനയായി നിലനില്‍ക്കുന്ന വാളയാര്‍ കേസില്‍ സിബിഐ സംഘം അന്വേഷണം തുടങ്ങി. തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരൻ നായർ, അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്. സിബിഐ സംഘം വാളയാറിലെത്തി മരിച്ച കുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയെടുത്തു. സിബിഐയുടെ വാളയാറിലെ ആദ്യ സന്ദർശനമാണ് നടന്നത്. കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും സിബിഐ പരിശോധിച്ചു.

പെൺകുട്ടികളുടെ അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സിബിഐ കുട്ടികളെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വീടിനോടു ചേർന്നുള്ള ഷെഡ്ഡും പരിശോധിച്ചു. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒൻപതു വയസുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് ഈ ഓടിട്ട മേൽക്കൂരയ്ക്ക് താഴെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ കുട്ടിയുടെ കേസിൽ പ്രധാന സാക്ഷിയാകേണ്ട രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വാദം നേരത്തെ ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കുട്ടികളുടെ അമ്മ സിബിഐ സംഘത്തെ ബോധിപ്പിച്ചു.

കേസ് അന്വേഷിച്ച വാളയാർ സ്റ്റേഷനിലെ എസ്ഐ മുതൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഡിവൈഎസ്പി എംജെ സോജൻ ഉൾപ്പെടെയുള്ളവരുടെ മൊഴി സിബിഐ രേഖപ്പെടുത്തും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്. രണ്ട് പെൺകുട്ടികളുടെ മരണവും രണ്ട് എഫ്ഐആറുകളായാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യത്തെ തുടർന്ന് സർക്കാർ ഉത്തരവിടുകയും പിന്നീട് ഹൈക്കോടതിയുടെ ഇടപെടലുമാണ് സിബിഐ അന്വേഷണത്തിലെത്തിയത്. കേസിലെ പ്രതികളായ വലിയ മധു , ഷിബു എന്നിവർ റിമാൻഡിലാണ്. മറ്റൊരു പ്രതി കുട്ടി മധു ജാമ്യത്തിലാണ്. വിചാരണ കോടതി വിട്ടയച്ച ചേർത്തല സ്വദേശി പ്രദീപ് ആത്മഹത്യ ചെയ്തിരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here