കൊല്ലൂര്‍: എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല. ഇതാദ്യമായി നേരിട്ട് എത്തുന്ന ആ പതിവ് തെറ്റി. പക്ഷെ അദ്ദേഹം കീര്‍ത്തനം ആലപിക്കുന്ന ആ പതിവ് തെറ്റിച്ചില്ല. മൂകാംബിക ദേവിക്ക് മുന്നിൽ ആ ശബ്ദം ഈ പിറന്നാളിലും നിവേദ്യമായി. കൊവിഡ് കാലത്തും ഓൺ ലൈനിലൂടെ ആ പതിവ് തേറ്റിക്കാതെ ഗാനഗന്ധർവൻ അമ്മക്കായി കരുതിവച്ച കീർത്തനം ആലപിക്കുകയായിരുന്നു. മകന്റെ അമേരിക്കയിലെ വസതിയിലെ പൂജാമുറിയിൽ ഇരുന്നാണ് യേശുദാസ് കീർത്തനം ആലപിച്ചത്. മുൻവർഷങ്ങളിൽ എല്ലാം അദ്ദേഹം മൂകാംബിക ദേവിക്കുമുന്നിൽ നേരിട്ടെത്തിയാണ് കീർത്തനം ആലപിക്കാറുണ്ടായിരുന്നത്. കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധർവ്വന്റെ പിറന്നാൾ ആഘോഷം. ലോകത്തിന്റെ ഏതു കോണിലായാലും ജനുവരി 10ന് തന്റെ പിറന്നാൾ ദിനത്തിൽ യേശുദാസ് കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ എത്തുമായിരുന്നു.
കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയിൽ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി പേരാണ് അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയിൽ എത്തിയത്. ആഘോഷം കഴിഞ്ഞ് ഫെബ്രുവരി പകുതിയോടെ യേശുദാസ് അമേരിക്കയിലെ ഡല്ലാസിലേക്കാണ് പോയത്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം അവസാനം പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ ഓര്‍മ ദിനത്തില്‍ ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പില്‍ നടക്കുന്ന സംഗീത കച്ചേരിക്ക് എത്താമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് ലോകത്തെ നടുക്കിയ മഹാമാരി പടര്‍ന്നുപിടിച്ചത്. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ ഇരുപത് വർഷമായി പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്റെ ആയുരാരോഗ്യത്തിനായി കൊല്ലൂരിൽ അഖണ്ഡ സംഗീതാര്‍ച്ചന നടത്തി വരുന്നുണ്ട്. ഇക്കുറിയും അതിനു മുടക്കം വന്നില്ല. . ഗാനഗന്ധര്‍വന്റെ സാന്നിധ്യമില്ലെങ്കിലും ഗാനാര്‍ച്ചനയും ചണ്ഡികാ ഹോമം അടക്കമുള്ള ചടങ്ങുകളും പതിവുപോലെ ഇത്തവണയും കൊല്ലൂരില്‍ നടന്നു.