കഴക്കൂട്ടം മണ്ഡലത്തിൽ പഠനം ഹൈ ടെക്

 

92 ഹൈ ടെക് എ. സി ക്ലാസുകൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്കരിച്ചു. മണ്ഡലത്തിലെ 92 ഹൈടെക് എ.സി ക്ലാസ് മുറികൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാടിനു സമർപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ യുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു”ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” എന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അതിന്റെ ഭാഗമായാണ് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂളുകൾ ആധുനികവത്ക്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴുവർഷക്കാലം കൊണ്ട് അയ്യായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടന്നത്. ഇതിന് പുറമേ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴിയും പൊതുവിദ്യാലയങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പ്രോജക്ടിൽ ഉൾപ്പെടുത്തി 9.88 കോടി ചെലവിലാണ് 92 ക്ലാസ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്. കരിക്കകം സർക്കാർ ഹൈ സ്കൂളിൽ ഒൻപത് ക്ലാസുകൾ 80.62 ലക്ഷം രൂപ, ശ്രീകാര്യം സർക്കാർ ഹൈ സ്കൂളിൽ 24 ക്ലാസ് മുറികൾ 2.55 കോടി രൂപ, മെഡിക്കൽ കോളേജ് സ്കൂളിൽ 10 ക്ലാസ് മുറികൾ 1.03 കോടി രൂപ, കഴക്കൂട്ടം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ 17 ക്ലാസ് മുറികൾ 1.49 കോടി രൂപ, കുളത്തൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ 16 ക്ലാസ് മുറികൾ 1.79 കോടി രൂപ, കട്ടേല അംബേദ്ക്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂളിൽ 6 ക്ലാസ് മുറികൾ 99.69 ലക്ഷം രൂപ, കാട്ടായിക്കോണം സർക്കാർ യു.പി സ്കൂളിൽ 10 ക്ലാസ് മുറികൾക്ക് 1.22 കോടി രൂപ എന്നിങ്ങനെയാണ് ഫണ്ട്‌ വിനിയോഗിച്ചിരിക്കുന്നത്.75 ഇഞ്ച് പ്രൊഫഷണൽ എൽ.ഇ.ഡി മോണിറ്റർ, ഒ.പി.എസ് കമ്പ്യൂട്ടർ, യു.പി.എസ്, എയർ കണ്ടീഷൻ ചെയ്ത ക്ലാസ്സ് റൂം, മൈക്ക് വിത്ത് ഹെഡ്ഫോൺ, എക്‌സിക്യൂട്ടീവ് ഇരിപ്പിടങ്ങൾ, ബാഗ് ട്രെ, മേശകൾ, കസേരകൾ എന്നിവ ഉൾപ്പെടുന്നതാണ് ഓരോ ഹൈടെക് ക്ലാസുകളും.റോളർ സ്കേറ്റിങ്ങ് ഹോക്കി ദേശീയ മെഡൽ ജേതാവ് ഹരിത. ഡി.എച്ച്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്ക് കഥാരചനയിൽ എ ഗ്രേഡ് നേടിയ ഷഹനാസ് നിസാമുദ്ദീൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.കഴക്കൂട്ടം വാർഡ് കൗൺസിലർ എൽ. എസ് കവിത, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ, സ്മാർട്ട്‌ സിറ്റി പ്രോജക്ട് സി. ഇ.ഒ രാഹുൽ കൃഷ്ണ ശർമ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു.ഐ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ എസ്.ഡി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here