മുംബൈ: ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ മല്‍സരം ഉപേക്ഷിച്ചിരുന്നു. വൃദ്ധിമാന്‍ സാഹയ്ക്കുള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഐപിഎൽ 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈയിൽ മാത്രമായി നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. . കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സിലെ ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിക്കും ഉൾപ്പെടെ മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരങ്ങൾ മുംബൈയിൽ മാത്രമായി നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചത്. ഐപിഎലിന്റെ അടുത്ത ഘട്ടത്തിലെ മത്സരങ്ങൾക്ക് വേദിയാകേണ്ടത് ബെംഗളൂരുവും കൊൽക്കത്തയുമാണെങ്കിലും, കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് മുംബൈയിലേക്കു മാത്രമായി മത്സരങ്ങൾ ഒതുക്കുന്ന കാര്യം ആലോചിച്ചത്.
നിലവിൽ മത്സരങ്ങൾക്ക് വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലും കളിക്കുന്ന ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് ആദ്യ ഘട്ടത്തിൽ സുരക്ഷിതമായി മത്സരങ്ങൾക്ക് വേദിയായ മുംബൈയിലേക്ക് ശേഷിക്കുന്ന മത്സരങ്ങൾ ചുരുക്കാൻ ബിസിസിഐ ആലോചിക്കുന്നത്. അങ്ങനെ വന്നാൽ ഐപിഎൽ മത്സരങ്ങളുടെ സമയക്രമത്തിലും വ്യത്യാസം വരാൻ സാധ്യതയേറെയാണ്. ഒരേ ദിവസം രണ്ടു മത്സരങ്ങളെന്ന രീതി കൂടുതൽ വ്യാപിപ്പിക്കേണ്ടിയും വരും. നിലവിൽ മേയ് 30ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഈ സീസണിലെ കലാശപ്പോരാട്ടം ജൂൺ ആദ്യ വാരം നടത്തുന്ന കാര്യവും പരിഗണിച്ചിരുന്നു.
അടിയന്തരമായി ബയോ സെക്യുർ ബബ്ളുകൾ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാനാകുമോയെന്ന് ആരാഞ്ഞ് ബിസിസിഐ മുംബൈയിലെ എട്ട് പ്രമുഖ ഹോട്ടലുകളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ‘ക്രിക്ഇൻഫോ’ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യത്തിൽ ബിസിസിഐയോ ഐപിഎൽ അധികൃതരോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.