തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 18ന്. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വന്ന ധാരണയിതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം. അതേസമയം മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. എം.വി.ഗോവിന്ദന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനും പട്ടികയിലുണ്ട്. കെ.കെ.ശൈലജയും എം.എം.മണിയും തുടരുമെന്നാണ് സൂചന.
സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് ധാരണ. 17ന് രാവിലെ എൽഡിഎഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെൻ്ററിൽ ചേരും. അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ധാരണ. സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും.