വൈ. അനില്‍ കാന്ത് പുതിയ ഡിജിപി; നിയമനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

0
256

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ് 1988 ബാച്ച് ഉദ്യോഗസ്ഥനായ അനില്‍കാന്ത്.

ബി.സന്ധ്യ, സുദേഷ് കുമാര്‍ എന്നിവരാണ് പരിഗണിക്കപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍. സീനിയോറിറ്റിയില്‍ ഒന്നാമനായ അരുണ്‍ കുമാര്‍ സിന്‍ഹ സംസ്ഥാനത്തേക്കു വരാന്‍ താല്‍പര്യമില്ലെന്നു യുപിഎസ്‌സിയെ അറിയിച്ചിരുന്നു. നിലവില്‍ സ്‌പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് മേധാവിയാണ് അദ്ദേഹം. സീനിയോറിറ്റിയില്‍ രണ്ടാമനായ ടോമിന്‍ ജെ.തച്ചങ്കരിയെ ഒഴിവാക്കിയാണ് യുപിഎസ്‌സി സംസ്ഥാന സര്‍ക്കാരിനു 3 പേരുടെ പട്ടിക നല്‍കിയത്.

മകള്‍ ഡ്രൈവറെ തല്ലിയ കേസ് അടക്കം സുദേഷ് കുമാറിന് എതിരായി. മുന്‍പ് ചില കേസുകളില്‍ നടത്തിയ ഇടപെടലുകളാണ് ബി. സന്ധ്യയ്ക്കു തിരിച്ചടിയായത്. അനില്‍ കാന്തിന് ഇനി 7 മാസമാണ് സേവന കാലാവധിയുള്ളത്. കേരള കേഡറില്‍ എഎസ്പി ആയി വയനാട്ടിൽ സര്‍വീസ് ആരംഭിച്ച അനില്‍കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചു. സ്‌പെഷല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും സ്‌പെഷല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐജി ആയും ജോലി നോക്കി.

ഇടക്കാലത്ത് അഡീഷനല്‍ എക്‌സൈസ് കമ്മിഷണര്‍ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു.

ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയിരുന്നു. ജയില്‍ മേധാവി, വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മിഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here