തിരുവനന്തപുരം: ഓഫീസേഴ്സ് അസോസിയേഷന് സമരവും ബോര്‍ഡ് ചെയര്മാന് ബി.അശോകിന്റെ പ്രസ്താവനകളുമൊക്കെയാണ് കെഎസ്ഇബി വാര്‍ത്തകള്‍ ആയി പുറത്ത് എത്തുന്നതെങ്കിലും സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും മുന്നിലുള്ളത് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രവര്‍ത്തന മികവ് തന്നെ. സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ബോര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനമാണ് മന്ത്രി എന്ന നിലയില്‍ കെ.കൃഷ്ണന്‍കുട്ടി നടത്തുന്നത്. ആഭ്യന്തര ഉത്പാദനം കൂട്ടി പവര്‍ പര്‍ച്ചേസ് കുറയ്ക്കുകയാണ്. ഈ തീരുമാനം പ്രവര്‍ത്തന ലാഭം കൂട്ടാനും ഇടവന്നു.
ബോര്‍ഡിലെ വരുമാനത്തിന്റെ അന്‍പത് ശതമാനവും പോകുന്നത് ഇലക്ട്രിസിറ്റി പുറത്തു നിന്നും വാങ്ങാനാണ്. ഇത് കുറച്ചപ്പോള്‍ ബോര്‍ഡിനു ലാഭം വന്നു. ഇതാദ്യമായി 1400 കോടിയാണ് പ്രവര്‍ത്തന ലാഭം ബോര്‍ഡിനു വന്നത്. ബോര്‍ഡ് സ്ഥാപിച്ചത് മുതല്‍ ഇതുവരെയുള്ള 14000 കോടിയുടെ സഞ്ചിത നഷ്ടം കുറച്ച് കൊണ്ടുവരാനുള്ള ശ്രദ്ധേയമായ നീക്കമാണ് ആഭ്യന്തര ഉത്പാദനം വര്‍ദ്ധിക്കാനുള്ള മന്ത്രിയുടെ തീരുമാനം. പ്രവര്‍ത്തന ലാഭം വന്നാല്‍ സഞ്ചിത നഷ്ടം കുറയും. മന്ത്രി നേരിട്ടിടപെട്ടാണ് പവര്‍ പര്‍ച്ചേസ് കുറച്ച് ആഭ്യന്തര ഉത്പാദനം കൂട്ടിയത്. ഇതാണ് പ്രവര്‍ത്തനലാഭത്തിലേക്ക് ബോര്‍ഡിനെ കൊണ്ട് വന്നു എത്തിച്ചത്.
നാലര പതിറ്റാണ്ട് മുന്‍പാണ് ഇടുക്കി ഡാം സ്ഥാപിക്കുന്നത്. ഡാമിന്റെ ചരിത്രത്തിന്നിടയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദനം നടന്നത് കഴിഞ്ഞ നവംബര്‍ മാസമാണ്. 50 കോടി യൂണിറ്റ്. കെഎസ്ഇബിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും തിളക്കമുള്ള ഏടാണ് ഇത്. 2018-ലെ മഹാപ്രളയത്തില്‍ ഡാമില്‍ ജലം വന്നു നിറഞ്ഞപ്പോള്‍പ്പോലും ഇടുക്കിയില്‍ നിന്ന് ഇത്ര പവര്‍ ജനറേഷന് നടന്നിട്ടില്ല. പവര്‍ പര്‍ച്ചേസ് കുറച്ചിട്ടുമില്ല. മഹാപ്രളയ സമയത്ത് പോലും നടക്കാത്ത രീതിയിലാണ് ബോര്‍ഡിലെ ആഭ്യന്തര ഉത്പാദനം ഇപ്പോള്‍ കൂടുന്നത്. കെഎസ്ഇബിയെ സംബന്ധിച്ച് മികച്ച പ്രവര്‍ത്തന ദിനങ്ങളാണ് പിന്നിടുന്നത്. പക്ഷെ വാര്‍ത്തയില്‍ നിറയുന്നതോ ഓഫീസേഴ്സ് അസോസിയേഷന് സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും.