വിജയ് ബാബുവിനെതിരെ അതിജീവിത സുപ്രീംകോടതിയില്‍; നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമെന്നു ഹര്‍ജിയില്‍

കൊച്ചി: നിർമാതാവ് വിജയ് ബാബുവിനെതിരെ അതിജീവിത സുപ്രീംകോടതിയില്‍. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിയുടേതെന്നു ചൂണ്ടിക്കാണിച്ചാണ് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. വിജയ് ബാബുവിനു ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ്‌ ഹർജിയിലുള്ളത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചതെന്നും പരാതി നൽകിയതറിഞ്ഞു നിയമത്തിൽ നിന്നു രക്ഷപെടുന്നതിനാണ് വിദേശത്തേക്കു കടന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

വിജയ് ബാബുവിനു ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ വിഷയത്തിൽ കേസ് പരിഗണിച്ച ജ‍‍ഡ്ജിയുടെ നിലപാടിനെതിരെ ഹൈക്കോടതി ജഡ്ജിമാർക്കിടയിൽനിന്നു തന്നെ ഭിന്നാഭിപ്രായം പുറത്തു വന്നിരുന്നു. സമാന കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കേസ് പരിഗണിക്കുന്നത് ഡിവിഷൻ ബെഞ്ചിനു വിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here