തിരുവനന്തപുരം :ഈ മാസം 28നു വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണര്‍ ആയേക്കും. മേത്തയെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് സർക്കാർ നീക്കം. വിവാദ വിഷയങ്ങളിലെല്ലാം സർക്കാരിനൊപ്പം അടിയുറച്ചു നിന്നു എന്നതാണ് വിശ്വാസ് മേത്തയ്ക്കു നറുക്കു വീഴാൻ മുഖ്യ കാരണം. നിയമന നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ. ബാലൻ എന്നിവർഓണ്‍ലൈനായി യോഗം ചേരും. ഈ യോഗത്തിൽ ടെ പട്ടിക മുഖ്യമന്ത്രി അവതരിപ്പിക്കും. നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡറായിരുന്ന വേണു രാജാമണിയും പട്ടികയിലുണ്ട്.
പട്ടികയിലെ ആദ്യ പേരുകാരനും ചീഫ് സെക്രട്ടറി തന്നെ. വിൻസൻ എം. പോൾ വിരമിച്ച ഒഴിവിലാകും വിശ്വാസ് മേത്തയെ നിയമിക്കുക. സർക്കാർ തീരുമാനമെടുത്താൽ ഗവർണറുടെ അനുമതി കൂടി ആവശ്യമാണ്. അതു കഴിഞ്ഞാകും നിയമനം. ഈ സർക്കാരിന്റെ കാലത്ത് വിരമിച്ച് മിക്ക ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്കും ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള തസ്തികയിലാണ് നിയമനം ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ഡോ. ഉഷാ ടൈറ്റസിനെ അസാപ്പിന്റെ മേധാവിയായി നിയമിച്ചിരുന്നു.
വിശ്വാസ്മേത്ത വിരമിക്കുമ്പോൾ കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞു തിരികെ വന്ന ഡോ. വി.പി. ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിക്കും. നിലവില്‍ അഡീഷനൽ ചീഫ് സെക്രട്ടറി റാങ്കിൽ സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയാണ് ജോയി.